ഫൈസൽ നാലകത്ത്
ശങ്കരനാദമായി മനസിലെന്നും മുഴങ്ങുന്ന എസ് പി ബാലസുബ്രമണ്യം. കേട്ടു കേട്ടു തീർന്നുപോയാലും, കുറേനാൾ ഓർത്തിരിക്കാൻ ഒരുവരിയെങ്കിലും ബാക്കിവെച്ചു പോയ, പാട്ടു പോലൊരു മനുഷ്യൻ. പൊഴിഞ്ഞു വീണൊരാ ഇളയനിലാവിൽ നമ്മളോരോരുത്തരുടേയും ഹൃദയം വരെ നനയിച്ച ഭാവഗായകൻ. തണൽതേടുന്ന വാർദ്ധക്യത്തെയും മധുരം നുണയാനെത്തുന്ന ബാല്യത്തെയും നിരാശരാക്കി, കായ് ഫലം കൂടുംതോറും എളിമയാൽ കുമ്പിടാൻ പഠിപ്പിച്ചൊരാ തേൻമാവ് നമ്മെ വിട്ടു പിരിഞ്ഞു. സംഗീതമേഘം തേൻ ചിന്തുന്നൊരു ശബ്ദവുമായി ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ജൂൺ നാലാം തീയതി 1946 ൽ എസ് പി ബാലസുബ്രമണ്യം ജനിച്ചു. എങ്കേയും എപ്പോതും സംഗീതം സന്തോഷം എന്നു നമ്മെ പാടിയുണർത്തിയ എസ് പി ബാലസുബ്രമണ്യം സാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇത് ആദ്യത്തെ ജന്മദിനമാണ്.
പാട്ടിന്റെ പാലാഴിയായ അദ്ദേഹത്തിന് ആത്മസമർപ്പണമായി നൽകാൻ കഴിയുന്നതും ഒരു പാട്ടുമാത്രമാണന്നിരിക്കേ അത്രത്തോളം ആരാധനയോടും സ്നേഹത്തോടും കൂടിയാണ് മലയാള പിന്നണി ഗായകൻ അഫ് സൽ എസ് പി ബാലസുബ്രമണ്യം പാടിയ “നലം വാഴ” എന്ന ഗാനം ഇവിടെ സമർപ്പിക്കുന്നത്. പാട്ടിന്റെ ലോകത്തിലേയ്ക്കു ചുവടുവച്ച കാലം മുതൽ അഫ് സലിനെ കാത്തിരുന്നത് എസ് പി ബാലസുബ്രമണ്യത്തിൻെറ പാട്ടുകളാണ്. പങ്കെടുത്ത ഗാനമേളകളിലെല്ലാം ശ്രോതാക്കൾ ആവശ്യപ്പെട്ടതും എസ് പി ബാലസുബ്രമണ്യത്തിൻെറ പാട്ടുകൾ തന്നെ. അത്രത്തോളം അർപ്പണമനസോടെ പാടിയതിനാലാവണം ജൂനിയർ എസ് പി ബാലസുബ്രമണ്യം എന്ന ഓമനപ്പേരും ജനങ്ങൾ അഫ് സലിനു നൽകിയത്. അഫ് സൽ പാടിയ ഈ പാട്ടിലൂടെ അനന്തരാമൻ അനിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും സാക്ഷാൽ എസ് പി ബാലസുബ്രമണ്യം സാറിന് വേണ്ടിയുള്ള സമർപ്പണമാണ്.
ദൃശ്യാവിഷ്കാരം യൂസഫ് ലെൻസ്മാൻ. ക്യാമറ അൻസൂർ കെട്ടുങ്ങൽ. താരാപഥങ്ങളിൽ ചേതോഹരമായി വിളങ്ങിയ എസ് പി ബാലസുബ്രമണ്യം സാറിന്റെ ഉറ്റതോഴനും സംഗീതസംവിധാന രംഗത്തെ ഇതിഹാസവുമായ ഇളയരാജയുടെ കമ്പോസിങ്ങിൽ “മറുപടി ” എന്ന ചിത്രത്തിനുവേണ്ടി ശ്രീ വാലിസാർ രചിച്ച എസ് പി ബാലസുബ്രമണ്യം പാടിയ ” നലം വാഴ ” എന്ന ഗാനം അതേ നൈർമല്യത്തോടു കൂടിതന്നെയാണ് ഇവിടെ അവതരിപ്പിക്കപെട്ടിട്ടുള്ളത്. ” ഈ ജന്മത്തിൽ എസ് പി ബാലസുബ്രമണ്യം സാറിന് എനിക്കു കഴിയുന്നതിൽ വച്ചു ഞാൻ കൊടുക്കുന്ന ആദരവ് ” എന്നാണ് അഫ് സൽ തന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞത് . സോഷ്യൽ മീഡിയകളിൽ റിലീസ് ചെയ്ത അഫ് സലിന്റെ ഈ കവർ സോങ്ങിന് നേരിട്ട് അഭിനന്ദങ്ങൾ അറിയിച്ച എസ് പി ചരൺ, കെ എസ് ചിത്ര, സുജാത, ശ്വേതാ മോഹൻ, ജെൻസി തുടങ്ങി സംഗീത രംഗത്തെ പ്രശസ് തർ അവരുടെ അഭിനന്ദപ്രവാഹം അഫ് സലിന് അർപ്പിച്ചുകൊണ്ടിരിക്കുന്നതും എസ് പി ബാലസുബ്രമണ്യത്തോടുള്ള അവരുടെ അടങ്ങാത്ത ആദരവു തന്നെ.
.2001 ൽ പത്മഭൂഷണും 2011 ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച എസ് പി ബാലസുബ്രമണ്യം സാർ ഇന്ത്യയിലെ എല്ലാഭാഷകളിലുമായി 40,000 ൽ പരം പാട്ടുകൾ പാടിയും, നിരവധി സിനിമകളിൽ പാടി അഭിനയിച്ചും ലോകഗിന്നസ് റെക്കോഡിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്. മഹാമാരി കവർന്നെടുത്ത മഹാവിപത്തായി 2020 സെപ്തംബർ 25-ാം തീയതി ചെന്നൈയിൽവെച്ച് എസ് പി ബാലസുബ്രമണ്യം നമ്മോടു വിടപറഞ്ഞു. 2021 ജൂൺ 4ാം തീയതി എസ് പി ബാലസുബ്രമണ്യം സാറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മകൻ എസ് പി ചരൺ നടത്തുന്ന ഇവൻറിൽ അദ്ദേഹത്തിനുവേണ്ടി സമർപ്പിക്കുന്ന അഫ് സൽ പാടിയ ഈ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നത് എസ് പി ബാലസുബ്രമണ്യം സാറിന്റെ ആത്മാവിന്റെ അനുഗ്രഹമായിമാത്രമേ കാണാനാകൂ..എസ് പി ബാലസുബ്രമണ്യം എന്ന മഹാരഥന്,സംഗീത ലോകത്തിലെ അമരനായ എസ് പി ബാലസുബ്രമണ്യം എന്ന മഹാപ്രതിഭയ്ക്ക്, നഷ്ടബോധത്തിന്റെ, അത്മസമർപ്പണത്തിന്റെ പ്രണാമം…
Leave a Reply