ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒക്ടോബർ 8-ാം തീയതി യോർക്ക്‌ഷെയറിലെ കീത്തിലിയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ അതിജീവനത്തിന്റെ മാതൃകയായി ഉയർത്തി കാട്ടി അവാർഡ് നൽകുന്നത് നോർത്ത് അലേർട്ടിൽ താമസിക്കുന്ന നോബി ജെയിംസിനെ . ജോലിക്കിടയിലെ ആക്രമണത്തെ  തുടർന്ന് 28 ദിവസത്തെ വെന്റിലേറ്റർ വാസത്തേയും, 45 ദിവസത്തെ ഓർമ നഷ്ടവും ശാരീരിക വൈകല്യങ്ങളും ഉണ്ടായെങ്കിലും നോബിയുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ് നിശ്ചയദാർഢ്യത്തിന്റെയും മനോബലത്തിന്റെയും നേർക്കാഴ്ചയാണ്. മെഡിക്കല്‍ പ്രൊഫഷണിലുള്ളവരെ പോലും അതിശയിപ്പിക്കുന്ന വിധമാണ് നോബി തൻറെ ജീവിതം തിരികെ പിടിച്ചത്. ശാരീരിക വൈകല്യങ്ങൾ ഉണ്ടെങ്കിലും അപകടങ്ങളെ തുടർന്ന് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പ്രചോദനവും, ജീവിതം തിരികെ പിടിക്കാനുള്ള ആത്മവിശ്വാസവും നൽകാൻ വേണ്ടി നോബി തന്റെ സമയത്തിന്റെ നല്ലൊരു പങ്ക് ചിലവഴിക്കുന്നത്. ഈ പ്രവർത്തനങ്ങളാണ് നോബിയെ അവാർഡിന് അർഹനാക്കിയത്.

2019 ഡിസംബർ ഒന്നാം തീയതി നോബിയുടെ ജന്മദിനത്തിലാണ് ജീവിതത്തിലെ വഴിത്തിരുവായ ദുരനുഭവം ഉണ്ടാകുന്നത്. ഷെഫായിട്ട് ജോലിചെയ്യുന്ന നോബി ഒഴിവുസമയങ്ങളിൽ ടാക്സി ഓടിക്കാൻ പോകുമായിരുന്നു. നോബിക്ക് പാചകത്തോടും ഡ്രൈവിങ്ങിനോടുമുള്ള പ്രണയം സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ഡിസംബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് ആർമി ഓഫീസർ ആയ സ്റ്റെഫാൻ വിൽസൺ നോബിയുടെ സേവനം തേടുന്നത്. അമിതമായി മദ്യപിച്ചിരുന്ന സ്റ്റെഫാൻ വിൽസൺ വീട്ടിൽ പോകാനായി വാഹനത്തിൽ കയറി. പാതിവഴിയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ നോബിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ നോബി കാർ നിർത്തി പുറത്തിറങ്ങി പോലീസിനെ വിളിക്കാൻ ശ്രമിച്ചത് ജീവൻ രക്ഷിക്കാൻ കാരണമായി. പോലീസിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കോൾ പിന്തുടർന്ന് പോലീസ് എത്തിയപ്പോൾ മൃതപ്രായനായ നോബിയെ പ്രതി മർദ്ദിക്കുന്നതാണ് കാണുന്നത്. തടയാൻ ശ്രമിച്ച പോലീസിനെയും പ്രതി ആക്രമിച്ചു. സംഭവത്തെതുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ നോബി രണ്ടുമാസത്തോളം ജെയിസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അബോധാവസ്ഥയിലായിരുന്നു. ആക്രമണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നോബിയെ അലട്ടുന്നുണ്ട്. ആർമി ഉദ്യോഗസ്ഥനായ പ്രതി ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വാദിച്ചെങ്കിലും, പോലീസ് അന്വേഷണത്തിൽ പ്രതി മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന ആർമി ഓപ്പറേഷനിലൊന്നും പങ്കെടുത്തില്ലെന്ന് തെളിഞ്ഞു. പ്രതി സ്റ്റെഫാൻ വിൽസണെ മുൻകാല ക്രിമിനൽ റിക്കോർഡ് ഇല്ലാതിരുന്നത് ശിക്ഷ 10 വർഷമായി കുറയാൻ കാരണമായി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തലയോലപ്പറമ്പ് സ്വദേശിയായ നോബി ജെയിംസിന്റെ പാചക നൈപുണ്യം യുകെയിലെമ്പാടും പ്രശസ്തമാണ്. നോബിയുടെ യൂട്യൂബ് ചാനലായ നോബിസ് ഫാമിലി ഓറിയൻറഡ് കിച്ചണിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേക്ഷകരാണ് ഉള്ളത്. യുകെയിലെ സാഹചര്യത്തിൽ ഉണക്ക ഇറച്ചി എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി പല യൂട്യൂബ് വീഡിയോകളും പ്രശസ്തമാണ്. യുകെയിലെമ്പാടും നിരവധി സുഹൃത്തുക്കളുള്ള നോബിയുടെ പാചക നൈപുണ്യത്തിന്റെ മികവ് സൗഹൃദക്കൂട്ടായ്മകളിലെ പ്രധാന ആകർഷണമാണ്. ഈസി കുക്കിംഗ് എന്നു പറയുന്ന പംക്തി മലയാളം യുകെയിൽ ഒരു വർഷത്തോളം കൈകാര്യം ചെയ്തിരുന്നത് നോബി ജെയിംസാണ്.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.