മലയാളം യുകെ ന്യൂസ് ടീം.
പ്രകാശത്തിന്റെ തിരിനാളങ്ങൾ തെളിയിക്കപ്പെട്ടു.. വേദനയുടെയും നിരാശയുടെയും ലോകത്ത് നിന്ന് മോചനം നല്കുന്ന പ്രതീക്ഷയുടെ രശ്മികൾ വഹിച്ച് കരുണയുടെ മാലാഖമാർ സദസിൽ നിന്നും വേദിയിലെത്തി. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി നഴ്സുമാരുടെ പ്രതിനിധികളായി 11 കരുണയുടെ മാലാഖമാർ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ ആദരണീയമായ സദസിന്റെ അനുഗ്രഹാശിസുകൾ ഏറ്റു വാങ്ങിക്കൊണ്ട് മുന്നോട്ട് വന്നു. ലെസ്റ്ററിന്റെ പ്രണാമം ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി സമർപ്പിക്കപ്പെട്ടു. മെയ് 13 ശനിയാഴ്ച മലയാളം യുകെ അവാർഡ് നൈറ്റ് നഴ്സുമാർക്കായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുകയായിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വേദി ആതുരസേവനം തപസ്യയാക്കി മാറ്റിയ നഴ്സുമാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന വേദിയായി മാറി.
പ്രതീകാത്മക ലാമ്പ് ലൈറ്റിംഗ് സെറിമണി ലെസ്റ്ററിലെ മെഹർ സെൻററിൽ പുനരാവിഷ്കരിക്കപ്പെട്ടു. ‘You raise me up….’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ.. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. വേദനയുടെയും ദു:ഖത്തിന്റെയും ലോകത്ത് ആശ്വാസമായി രാപകലുകൾ അദ്ധ്വാനിക്കുന്ന ആത്മാർത്ഥമായ സേവനത്തിന്റെ പ്രതീകങ്ങളായ നഴ്സുമാർ.. പ്രകാശം പരത്തുന്ന നന്മയുടെ മാലാഖമാർ സ്റ്റേജിലേക്ക് കത്തിച്ച തിരികളുമായി കടന്നു വന്നു. വരുംതലമുറക്കായി ജീവനെ കാത്തു സൂക്ഷിക്കുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികൾ തിങ്ങി നിറഞ്ഞ സദസിന്റെ മുന്നിൽ അണിനിരന്നപ്പോൾ ഹർഷാരവത്താൽ മെഹർ സെൻറർ മുഖരിതമായി.
കരുണയുടെ.. സ്നേഹത്തിന്റെ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന ഈ പ്രകാശവാഹകർക്ക് നന്ദിയേകാൻ പുതുതലമുറയും തുടർന്ന് എത്തിച്ചേർന്നു. കൈകളിൽ സ്നേഹത്തിന്റെ പൂക്കളുമായി.. പുതുതലമുറയെ പ്രതിനിധീകരിച്ച് 11 കുട്ടികൾ ശുഭ്രവസ്ത്രധാരികളായി സ്നേഹത്തിന്റെ പുഞ്ചിരിയുമായി നഴ്സുമാർക്ക് സ്നേഹാദരം അർപ്പിക്കുവാൻ എത്തി. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. നഴ്സിംഗ് സമൂഹത്തിന് അർഹിച്ച ആദരം നല്കാൻ മലയാളം യുകെ സംഘടിപ്പിച്ച ചടങ്ങ് നഴ്സുമാരുടെ അഭൂത പൂർവ്വമായ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി..
കൃതജ്ഞതയുടെ നറുപുഷ്പങ്ങളുമായി നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളും സ്റ്റേജിൽ തലമുറകളുടെ സംഗമമായി അണിനിരന്നപ്പോൾ നഴ്സിംഗ് സമൂഹത്തിന് നല്കാവുന്ന ഏറ്റവും വലിയ നന്ദി സമർപ്പണമായി ലെസ്റ്റർ ഇവൻറ് മാറുകയായിരുന്നു. അന്താരാഷ്ട്ര നഴ്സസ് ദിന സ്മരണയിൽ The Nightingale Pledge ന് നേതൃത്വം നല്കിയത് എലിസ മാത്യു ആയിരുന്നു. സ്റ്റേജിൽ ഉള്ള നഴ്സുമാർക്കൊപ്പം സദസിൽ ഉപവിഷ്ടരായിരുന്ന നഴ്സുമാരും ഇതിൽ പങ്കെടുത്തു. തുടർന്ന് നന്ദി സൂചകമായി ആതുര ശുശ്രൂഷാ ലോകത്തെ മാലാഖമാർക്ക് കുട്ടികൾ പൂക്കൾ സമ്മാനിച്ചു. ചടങ്ങിന് മുന്നോടിയായി ലണ്ടൻ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ ലീഡ് തിയറ്റർ നഴ്സ് മിനിജാ ജോസഫ് നഴ്സസ് ദിന സന്ദേശം നല്കി.
നഴ്സുമാരെ പ്രതിനിധീകരിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നഴ്സുമാരായ റീനാ ഷിബു, ലിറ്റി ദിലീപ്, ലവ് ലി മാത്യു, ആൻസി ജോയി, എൽസി തോമസ്, ജിജിമോൾ ഷിബു, ജീനാ സെബാസ്റ്റ്യൻ, സിൽവി ജോസ്, അനുമോൾ ജിമ്മി, ബീനാ സെൻസ്, വിൻസി ജെയിംസ് എന്നിവർ സ്റ്റേജിൽ തിരി തെളിച്ച് പ്രതിജ്ഞ ചൊല്ലി.
നഴ്സസ് ദിനത്തിൽ മലയാളം യുകെയെ പ്രതിനിധീകരിച്ച് മലയാളം യുകെ ഡയറക്ടറും പ്രോഗ്രാം കോർഡിനേറ്റുമായ ബിനോയി ജോസഫ് ആശംസകളർപ്പിച്ചു. സാമൂഹിക മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന മലയാളം യുകെയ്ക്ക് അഭിമാന നിമിഷമാണ് ഇതെന്നും കൂടുതൽ കരുത്തോടെ ഊർജ്ജസ്വലമായി മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നും നഴ്സിംഗ് രംഗത്തെ മുന്നോട്ടുള്ള പ്രയാണത്തിൽ പൂർണ പിന്തുണ മലയാളം യുകെ വാഗ്ദാനം ചെയ്യുന്നതായും ആശംസ അർപ്പിച്ചു കൊണ്ട് ബിനോയി ജോസഫ് പറഞ്ഞു. നഴ്സുമാരായ ലിസാ ബിനോയി, നിധി ബിൻസു, അൽഫോൻസാ തോമസ് തുടങ്ങിയവർ സെറിമണിയ്ക്ക് നേതൃത്വം നല്കി.
നഴ്സസ് ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read:
Leave a Reply