ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിനായി ഇന്നിറങ്ങുന്നു. ഇറ്റ്സ് കമിങ് ഹോം എന്ന് പാടാൻ ഇംഗ്ലണ്ടും. കടലാസിലും കളത്തിലും കരുത്തരാണ് ഇംഗ്ലീഷ് നിര. ടീമിലെ വമ്പൻ പേരുകളെ നന്നായി വിനിയോഗിക്കാൻ സൗത്ത് ഗേറ്റിനാകുന്നുണ്ട്. കരുത്തുള്ള പ്രതിരോധവും കളി മെനയുന്ന മധ്യനിരയും ഗോൾ അടിക്കാൻ മടിയില്ലാത്ത മുന്നേറ്റവും ഫ്രാൻസിന് ഭീഷണിയാകും.

അതേസമയം, ഫ്രാൻസിന്റെ കുതിപ്പ് വിസ്മയിപ്പിക്കുന്നതാണ്. ഗോളടിച്ചു കൂട്ടുന്ന കിലിയൻ എംബാപ്പെ ആ പണി തുടർന്നാൽ ഫ്രാൻസിന് സെമിയിലേക്കുള്ള പോക്ക് എളുപ്പമാകും. ജിറൂദും ഗ്രീസ്മാനും ഡെംബലെയും ഫോമിൽ തന്നെ. ഗോൾ വലയ്ക്ക് കീഴിലുള്ള ഹ്യൂഗോ ലോറിസന്‍റെ പ്രകടനവും നിർണായകമാകും. 1982ന് ശേഷം ഇതാദ്യമായാണ് ഇരുവരും ലോകകപ്പിൽ ഏറ്റുമുട്ടുന്നത്.

സെനഗലിനെതിരെയുള്ള കളിയിൽ ക്യാപ്റ്റൻ കെയ്ൻ, ഹെൻഡേഴ്‌സൺ, ബുകയോ സാക എന്നിവർ സ്കോർ ചെയ്തിരുന്നു. ഇംഗ്ലണ്ടും ഫ്രാൻസും 31 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതിൽ പതിനേഴിലും ജയം ഇംഗ്ലണ്ടിനൊപ്പമാണ്. ഒൻപത് കളികൾ ഫ്രാൻസ് ജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിൽ പിരിഞ്ഞു. ലോകകപ്പിൽ മുൻപ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോളും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ഇംഗ്ലീഷുകാർ ടൂർണമെന്റിൽ ഇതുവരെ പന്ത്രണ്ട് ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാച്ചുകളിലായി ഇംഗ്ലണ്ട് പരാജയം അറിഞ്ഞിട്ടില്ല.