ചിത്രകാരിയും എഴുത്തുകാരിയുമായ അനുജ കെ എഴുതിയ കഥകളുടെ സമാഹാരം ശർക്കര വരട്ടിയുടെ പ്രകാശന കർമ്മം നടന്നു. മലയാളം യുകെ പബ്ലിക്കേഷൻ ആണ് പുസ്തകം വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. കഥാകാരിയുടെ ജന്മനാടായ എഴുകുംവയലിൽ പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ നിത്യസഹായ മാതാ പള്ളി വികാരി റവ. ഫാ. ജോസഫ് ചുനയമ്മാക്കൻ എഴുകുംവയൽ ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായാകുമാരി പി ജി യ്ക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത് .
17 കഥകളുടെ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും മലയാളം യുകെയിലൂടെയാണ് വായനക്കാരിലേയ്ക്ക് എത്തിയത്. പ്രൊഫ. റ്റിജി തോമസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പംക്തിയിലൂടെ മലയാളം യുകെ വായനക്കാർക്ക് സുപരിചിതയായ ഡോ. ഐഷ വിയുടെ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രണയവും വിരഹവും ഗൃഹാതുരത്വവും ബാല്യകാല സൗഹൃദങ്ങളും അധികം പരത്തി പറയാതെ മനോഹരമായ കാവ്യഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നവയാണ് ശർക്കരവരട്ടി എന്ന കഥാ സമാഹാരത്തിലെ ഓരോ കഥകളും. തനിക്ക് പറയാനുള്ള വിഷയം മനോഹരമായി അവതരിപ്പിച്ച് മാറിനിന്ന് വായനക്കാരനെ നോക്കി ചിരിക്കുന്ന എഴുത്തുകാരിയെ ഓരോ കഥയിലും നമുക്ക് കാണാം. ഒരു ചിത്രകാരി കൂടിയായ കഥാകാരിയുടെ കഥകൾക്ക് അകമ്പടിയായുള്ള മിഴിവാർന്ന ചിത്രങ്ങൾ വായനക്കാർക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. കഥകളിലൂടെ ജീവിത മുഹൂർത്തങ്ങളുടെ പുന:സൃഷ്ടികൾക്ക് പകരം മാനസിക വ്യാപാരങ്ങളുടെ സൂക്ഷ്മത ആവിഷ്കരിക്കാനാണ് അനുജ ശ്രമിച്ചിരിക്കുന്നത്. പാത്രസൃഷ്ടിയും കഥാ പശ്ചാത്തലവും ചേർന്ന് നെയ്തെടുത്ത മിഴിവാർന്ന വാക്മയ വർണ്ണചിത്രങ്ങളാണ് ഈ കഥാ സമാഹാരത്തിലെ ഓരോ കഥകളും.
Leave a Reply