ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ കുടിയേറ്റ നയം മാറിയതിന്റെ പ്രത്യാഘാതങ്ങൾ എത്രമാത്രം കേരളമെന്ന ഇന്ത്യയിലെ കൊച്ചു സംസ്ഥാനത്തെ ബാധിക്കും? മൂന്ന് വിഭാഗങ്ങളിലായാണ് മലയാളികളിൽ ഭൂരിഭാഗവും യുകെയിൽ എത്തിച്ചേർന്നത്. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ബ്രിട്ടനിലെ ആരോഗ്യ പരിപാലന മേഖലയായ എൻഎച്ച്എ സിനോട് അനുബന്ധിച്ച് ജോലി ചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നിയമത്തിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജനുവരി മുതൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധിപ്പിക്കാനുള്ള തീരുമാനം യുകെയിൽ ജോലിക്കായി വരുന്ന നേഴ്സുമാരുടെയും അവരുടെ ആശ്രിത വിസയിൽ വരുന്നവരുടെയും വിസ ചിലവുകൾ വർധിപ്പിക്കാൻ കാരണമാകും.

യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ ജോലിക്കായി വരുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ കെയർ വിസയിൽ ഉള്ളവരാണ്. കെയർ മേഖലയിൽ ജോലിക്കായി എത്തി മറ്റ് കുടുംബാംഗങ്ങളെ യുകെയിലെത്തിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് പുതിയ കുടിയേറ്റ നയം സമ്മാനിക്കുന്നത്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ മറ്റുള്ളവരെ കൊണ്ടുവരാൻ സാധിക്കില്ല എന്നതും മറ്റ് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശമ്പള പരുധി ഉയർത്തിയതും ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ ആകമാനം ബാധിക്കും. നിലവിൽ ആശ്രിത വിസയിൽ എത്തിയവരെ കുടിയേറ്റം നയം എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ നിലവിലെ വിസയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് അർഹരല്ലാത്തവരുടെ വിസ കാലാവധി പുതുക്കപ്പെടില്ലെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതിനർത്ഥം ഈ വിഭാഗത്തിൽ യുകെയിൽ എത്തിയ ഒട്ടേറെ പേർക്ക് ഒരു മടങ്ങി പോക്ക് അനിവാര്യമായിരിക്കും എന്ന് തന്നെയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കാര്യമാണ് ഏറ്റവും കഷ്ടം . സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് പതിനായിരകണക്കിന് വിദ്യാർഥികളാണ് യുകെയിലെത്തിയത്. യുകെയിലേയ്ക്ക് സ്റ്റുഡൻറ് വിസയും ലോൺ സംഘടിപ്പിക്കുന്നതിനായും മറ്റ് നിർദ്ദേശങ്ങൾ നൽകാനുമായി എല്ലാ സ്ഥലങ്ങളിലും ഒട്ടേറെ ഏജൻസികളും മുളച്ചു പൊങ്ങി . പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് മാതാപിതാക്കളോടും സ്റ്റുഡൻറസിനോടും വിദേശ പഠനത്തിൻറെ മാസ്മരികത ബോധ്യപ്പെടുത്തി അവരെ യുകെയിലേയ്ക്ക് അയച്ച് ഏജൻസികൾ കീശ വീർപ്പിച്ചു. പഠനത്തിനോടൊപ്പം ജോലി , യുകെയിൽ നല്ലൊരു ജോലി ലഭിക്കുന്നതിനോടൊപ്പം പെർമനന്റ് റെസിഡൻസ് കിട്ടാനുള്ള സാധ്യത എന്നിവയാണ് വിദ്യാർഥികൾക്ക് ഏജൻസികൾ നൽകിയ പ്രലോഭനങ്ങൾ . കേരളത്തിലെ കോഴ്സുകൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ മടി കാണിക്കുന്ന ബാങ്കുകൾ വിദേശ പഠനത്തിന് വാരിക്കോരി ലോൺ കൊടുത്തത് ഏജൻസികൾക്കും സഹായകരമായി.

പുതിയ കുടിയേറ്റ നയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലക്ഷങ്ങൾ മുടക്കി യുകെയിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണ് . വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. ഇവരിൽ പലർക്കും ഉടനെ തിരിച്ചു വരേണ്ടതായി വരും . പല വിദ്യാർത്ഥികളും പിടിച്ചു നിൽക്കാൻ കെയർ മേഖലയിൽ ജോലിക്കായി ശ്രമിക്കാറാണ് പതിവ്. എന്നാൽ കെയർ മേഖലയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കൂട്ടർക്കും വീണ്ടും തിരിച്ചടിയാവും.

ഇതിനെല്ലാം ഉപരിയായാണ് യുകെയിലെ പുതിയ കുടിയേറ്റ നയം കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലയിൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ . തിരിച്ചടവ് മുടങ്ങുന്ന മുറയ്ക്ക് ബാങ്കുകൾ എടുക്കുന്ന നടപടികൾ ഒട്ടേറെ കുടുംബങ്ങളെ തെരുവിലാക്കും .യുകെ വിസയ്ക്ക് വായ്പ കൊടുക്കാൻ ഉത്സാഹം കാട്ടിയ ബാങ്ക് മാനേജർമാർ കടുത്ത അങ്കലാപ്പിലാണ്. കോടികളാണ് ഈ രീതിയിൽ കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ വായ്പയായി നൽകിയത് . യുകെയിലെ നഷ്ടത്തിലായിരുന്ന പല യൂണിവേഴ്സിറ്റികളും ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളുടെ ഫീസിനത്തിൽ കിട്ടുന്ന വരുമാനം കൊണ്ട് ലാഭത്തിലാണ്. കേരളത്തിൽനിന്ന് കോടികളാണ് ഈ ഇനത്തിൽ യുകെയിൽ എത്തിയത്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കു മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പല പ്രശസ്തമായ സ്ഥാപനങ്ങളും കുട്ടികളില്ലാത്ത അവസ്ഥ വരെ എത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തിലായിരുന്ന കാലത്തെ ഇന്ത്യയുടെ സ്വത്ത് അടിച്ചുമാറ്റിയതിനോട് കിടപിടിക്കുന്ന വിഭവശേഷിയാണ് സ്റ്റുഡൻറ് വിസയുടെ നടപടികൾ ലഘൂകരിച്ചതു മൂലം യുകെയിലെത്തിയത്