ബിൻസു ജോൺ , ചീഫ് എഡിറ്റർ
കുരിശിന്റെ വേദനകൾക്കപ്പുറം പുനരുത്ഥാനത്തിന്റെ പ്രകാശത്തിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുന്ന ഈ വിശുദ്ധ ഈസ്റ്റർ ദിനത്തിൽ മലയാളം യുകെ ന്യൂസിന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു.
ഈസ്റ്റർ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല; വേദനകളെയും നിരാശകളെയും അതിജീവിച്ച് പ്രതീക്ഷയുടെ പുതിയ വെളിച്ചത്തിലേക്ക് ഉയർന്നുയരാനുള്ള മനുഷ്യജീവിതത്തിന്റെ ആത്മീയ യാത്രയുമാണ്. അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ ലോകത്തിൽ, സ്നേഹവും സമാധാനവും സേവനവുമാണ് യഥാർത്ഥ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് ഈ വിശുദ്ധ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. കുരിശ് സഹിച്ച ശേഷം പുനരുത്ഥാനം വന്നതുപോലെ, ഓരോ ഇരുണ്ട ദിനത്തിന്റെയും പിന്നിൽ ഒരു പ്രകാശമുള്ള നാളെയുണ്ടെന്ന ആത്മവിശ്വാസമാണ് ഈസ്റ്റർ നമ്മളിൽ വളർത്തുന്നത്.
ഈസ്റ്റർ ഒരു ആഘോഷ ദിനമെന്നതിലുപരി, സഹജീവികളോടുള്ള കരുണയിലും വേദന അനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സിലും സാക്ഷാത്കരിക്കപ്പെടേണ്ട ഒരു ജീവിത മൂല്യമാണ്. മത–ജാതി–ദേശ അതിരുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന സർവ്വമാനവികതയുടെ സന്ദേശമാണ് ഈസ്റ്റർ പങ്കുവെയ്ക്കുന്നത്. ഏകാന്തത അനുഭവിക്കുന്നവർക്ക് സാന്ത്വനവും പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പുതുശക്തിയും നൽകുന്ന ദിനമാകട്ടെ ഈസ്റ്റർ. സ്നേഹവും സേവനവും ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു പുനരുത്ഥാനാനുഭവമാകട്ടെ നമ്മുടേത്.
ലോകമെങ്ങുമുള്ള മലയാളികൾക്ക്, പ്രത്യേകിച്ച് യുകെയിലെ പ്രവാസി സമൂഹത്തിന്, കഴിഞ്ഞ വർഷങ്ങൾ ഏറെ നിർണായകമായിരുന്നു. ആരോഗ്യ മേഖലയിലും വിദ്യാർത്ഥി സമൂഹത്തിലും പ്രവർത്തിക്കുന്ന മലയാളികൾ നേരിട്ട വെല്ലുവിളികളും സർക്കാർ കുടിയേറ്റ നയങ്ങളിൽ വന്ന മാറ്റങ്ങളും സമൂഹത്തെ ശക്തമായി ബാധിച്ച സാഹചര്യത്തിൽ, അവയുടെ വിശകലനങ്ങൾ വായനക്കാരിലേക്ക് ഏറ്റവും വേഗത്തിൽ എത്തിക്കാൻ മലയാളം യുകെ ന്യൂസ് തുടർച്ചയായി പരിശ്രമിച്ചു. ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും ഞങ്ങൾ ആത്മാർത്ഥമായി ശ്രമിച്ചു.
വാർത്തകൾ നൽകുന്നതിൽ മാത്രമല്ല, വായനക്കാരുടെ ജീവിതാനുഭവങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു മാധ്യമമാകുക എന്ന ദൗത്യമാണ് മലയാളം യുകെ കഴിഞ്ഞ 12 വർഷമായി നിർവഹിക്കുന്നത്. സത്യങ്ങളെ വളച്ചൊടിക്കാതെ എത്തിക്കുന്ന വാർത്തകൾക്കൊപ്പം, നമ്മുടെ സാഹിത്യവും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളം യുകെ എന്നും പ്രതിബദ്ധമാണ്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ പോലുള്ള വിശേഷ ദിനങ്ങളിൽ സാഹിത്യ–മത– സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ രചനകളും സന്ദേശങ്ങളും ആവേശത്തോടെ ഏറ്റെടുത്ത പ്രിയ വായനക്കാരെ നന്ദിയോടെ അനുസ്മരിക്കുന്നു.
ഈ വർഷം മലയാളം യുകെ ന്യൂസിൽ പ്രൗഢഗംഭീരമായ ഈസ്റ്റർ സന്ദേശം നൽകുന്നത് ബത്തേരി ബിഷപ്പായ അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനിയാണെന്നത് സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വിശേഷ ദിന സന്ദേശങ്ങളിലൂടെ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, അഭിവന്ദ്യ ഡോ. കുറിയാക്കോസ് മോർ ഓസ്ഥാത്തിയോസ്, അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവർ മലയാളം യുകെയിലൂടെ വനക്കാരിലേയ്ക്ക് എത്തിയിരുന്നു. ഈ നോമ്പുകാലത്ത് ആത്മീയ ചിന്തകൾ പങ്കുവെച്ച് എഴുതിയ ഫാ. ഹാപ്പി ജേക്കബ് അച്ചന്റെയും ഫ്ലോറിഡയിൽ നെഫ്രോളജി നഴ്‌സ് പ്രാക്ടീഷണറായി സേവനം അനുഷ്ഠിക്കുന്ന കണ്ണൂർ സ്വദേശിനിയായ ദീപ ദീപുവിന്റേയും ലേഖനങ്ങൾ ഏറ്റെടുത്ത ലോകമെമ്പാടുമുള്ള വായനക്കാർക്ക് നന്ദി പറയുന്നു.
യുകെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ജീവിതവും നേട്ടങ്ങളും ലോകമെങ്ങുമുള്ള വായനക്കാരിലേക്ക് എത്തിക്കുന്നതിൽ മലയാളം യുകെ തുടർന്നും ശ്രദ്ധ പുലർത്തും. കാലത്തിനൊത്ത് മുന്നേറുകയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു വ്യത്യസ്ത മാധ്യമ ശബ്ദമായി നിലകൊള്ളാനുള്ള പ്രതിജ്ഞയോടെയാണ് ഞങ്ങളുടെ യാത്ര തുടരുന്നത്.
ഈ പുണ്യ ഈസ്റ്റർ ദിനം എല്ലാ വായനക്കാരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രതീക്ഷയും നിറയ്ക്കട്ടെ. വേദനകളെ അതിജീവിച്ച് പുതിയ പ്രതീക്ഷകളിലേക്ക് ഉയരാനുള്ള ആത്മവിശ്വാസം ഓരോ ഹൃദയത്തിലും തളിരിടട്ടെ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
ചീഫ് എഡിറ്റർ ബിൻസു ജോൺ











Leave a Reply