ലണ്ടന്‍: രാജ്യത്തെ സ്വകാര്യ വെളളക്കമ്പനികള്‍ അമിത വിലയീടാക്കി കൊള്ളലാഭമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ബില്യന്‍ പൗണ്ടോളമാണ് ഇവയുടെ ലാഭമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുളളത്. ആവശ്യമുളളതിലും ഇരട്ടി വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ സ്വകാര്യ വെളളക്കമ്പനികള്‍ 1.2ബില്യന്‍ പൗണ്ടെങ്കിലും ഉണ്ടാക്കിയെന്നാണ് സൂചന.
പാവപ്പെട്ട ഉപഭോക്താക്കളില്‍ നിന്ന് വെളളക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 5.3 ശതമാനമാണ് വെളളത്തിനായി ചെലവാകുന്നത്. എന്നാല്‍ മാന്ദ്യത്തിന് മുമ്പ് ഇത് 2.3 ശതമാനം മാത്രമായിരുന്ന. സമിതിയുടെ കണ്ടെത്തലുകള്‍ രാജ്യത്ത് സ്വകാര്യ കമ്പനികള്‍ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

അഞ്ച് വര്‍ഷം മുമ്പാണ് സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ ജലവിതരണ രംഗത്ത് അമ്പത് ശതമാനം പങ്കാളിത്തം അനുവദിച്ചത്. അന്ന് മുതല്‍ വര്‍ഷം തോറും വെളളക്കരം ഇനത്തില്‍ 0.5 ശതമാനം ശരാശരി വര്‍ദ്ധനയുണ്ടാകാന്‍ തുടങ്ങി. വര്‍ഷം തോറും ഉപഭോക്താക്കള്‍ 396 പൗണ്ടാണ് വെളളക്കരമായി അടയ്‌ക്കേണ്ടത്.
പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഓഫ് വാട്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ടോണി സ്മിത്ത് പ്രതികരിച്ചു.