റോബിൻ എബ്രഹാം ജോസഫ്

സമീപകാലത്തു കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാണ് ഇന്നലെ ഭാവനയുടെ വാക്കുകളിലൂടെ പുറത്ത് വന്നത്. ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെടുന്ന ജീവിതങ്ങളെ ഇരകളെന്ന് മാത്രം പരാമർശിച്ചു കൊണ്ട് മുൻപോട്ട് പോകുന്ന പൊതുബോധ നിർമിതിയ്ക്ക് മുൻപിൽ, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിലൂടെ ഒരു പുതിയ സാമൂഹ്യ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.

താൻ നടന്നു കയറിയ ദുരിതകാലത്തെ ഓർമിച്ചെടുക്കുമ്പോൾ, തന്നോടൊപ്പം നിന്നവരെയും, തനിക്കെതിരെ നിന്നവരെയും പേരെടുത്തു പരാമർശിക്കത്തക്ക വിധത്തിൽ ഭാവന എന്ന വ്യക്തി മാറിയിരിക്കുന്നു എന്നത് തന്നെ പുതിയൊരു കാലത്തെ അടയാളപ്പെടുത്തുകയാണ്. ലൈംഗിക ചുവയുള്ള വാക്കുകൾ ആവർത്തിച്ചു തന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകൾക്ക് സൈബർ അനുയായികൾ യാതൊരു മടിയും കൂടാതെ പങ്കുവെക്കുമ്പോൾ, പതറാതെ, പരിഭ്രമിക്കാതെ പിടിച്ചു നിന്നതിനു തെളിവാണ് ഈ ധീരമായ നിലപാട്.

പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തുമായി നടത്തിയ അഭിമുഖത്തിൽ, നാളിതുവരെ താൻ കടന്നുപോയ പലവിധമായ ട്രോമകളെ കൃത്യമായി പറയുന്നുണ്ട്. അതിജീവിത എന്ന പുതിയൊരു ലേബൽ സ്വന്തമായി ചാർത്തപ്പെടുത്തുന്നതിലൂടെ ഭാവന പറഞ്ഞുവെക്കുന്നത് അവസാനം വരെ പോരാടും എന്ന കൃത്യമായ നിലപാട് കൂടിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് ഇന്റർനാഷണൽ വിമൻസ് ഡേ ആയിട്ട് ആചരിക്കുമ്പോൾ, ഭാവന കഴിഞ്ഞ ദിവസം മുൻപോട്ട് വെച്ച സ്റ്റേറ്റ്മെന്റ് ഒരു പുതിയ സാമൂഹ്യ ക്രമത്തെ തന്നെ രൂപപ്പെടുത്തുവാൻ കഴിയുന്നതാണ്. ഒരു സ്ത്രീ ആക്രമണത്തിന് ഇരയായൽ അവൾ ജീവിതകാലം മുഴുവൻ ‘ഇര’ എന്ന രണ്ടക്ഷര ലേബലിൽ ഒതുങ്ങികൂടേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാൽ അങ്ങനെയല്ല എന്നും, അതിജീവിതയാണെന്നും അതിനുമുൻപിൽ സത്യത്തിനു മറഞ്ഞിരിക്കുവാൻ കഴിയില്ലെന്നും ഭാവനയുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ആക്രമിക്കപ്പെട്ടതിനു ശേഷം, ഏകദേശം 5 വർഷത്തിന് ശേഷമാണ് ഭാവന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റുമായ് പ്രത്യക്ഷപ്പെടുന്നത്. അതുവരെ നമ്മുടെ സാമൂഹ്യമണ്ഡലങ്ങളിൽ അവർ അപ്രത്യക്ഷരായിരുന്നു. മലയാള സിനിമാലോകം അവരെ മറന്ന് തുടങ്ങിയിരുന്നു. അവിടെ നിന്നും സ്വന്തമായുള്ള ശക്തമായ തിരിച്ചുവരവിനാണ് ഭാവന തുടക്കം കുറിച്ചിരിക്കുന്നത്.

‘സ്ത്രീ അപലയാണെന്നും, അവൾക്ക് ഒന്നിനും കഴിയുകയില്ല’ എന്നതരത്തിലുമുള്ള പതിവ് മൊഴികൾ ഈ കാലത്തും ആവർത്തിക്കപ്പെടുന്നുണ്ട് എന്നുള്ളത് തികച്ചും ദൗർഭാഗ്യകരമാണ്. 2022 ലെ വനിതാ ദിനം മുൻപോട്ട് വെക്കുന്നത് ‘Break the bias’ എന്നുള്ള വിഷയമാണ്. പൊതുവായുള്ള പരിമിതികളെയല്ല, സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന ഇത്തരം പരിമിതികളെയാണ് ഈ കാലത്ത് പൊട്ടിച്ചെറിയേണ്ടത്.

റോബിൻ എബ്രഹാം ജോസഫ്. കോട്ടയം കറുകച്ചാൽ സ്വദേശി. കോട്ടയം പ്രസ്സ് ക്ലബ്‌ ജേർണലിസം വിദ്യാർഥി.