ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇടത് വലത് ചേർന്ന് ഒഴുകിയിരുന്ന കേരള രാഷ്ട്രീയം എങ്ങോട്ടാണ്? കടുത്ത ഭയപ്പാടിലാണ് ലോക് സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണിയുടെ നേതാക്കന്മാർ. ഈ രീതിയിൽ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥികൾ തോറ്റു തുന്നം പാടും എന്നത് ഉറപ്പാണ്. പക്ഷേ ഈ സത്യം മനസ്സിലാക്കിയെങ്കിലും പാർട്ടി നേരിടുന്ന പ്രതിസന്ധി ഈ സത്യം തുറന്നു പറയാൻ ആരും സിപിഎമ്മിൽ ഇല്ല എന്നതാണ്.
ജാതി സമുദായ പ്രീണനമാണ് കേരള രാഷ്ട്രീയത്തിന്റെ മുഖമുദ്ര. തിരഞ്ഞെടുപ്പിൽ വിജയം കാണാൻ ഈ രീതിയിലുള്ള പ്രീണന നയമാണ് ഇടതു വലതു മുന്നണികൾ വർഷങ്ങളായി കേരളത്തിൽ പയറ്റി കൊണ്ടിരുന്നത്. ഇതിൽ അവർ നല്ല രീതിയിൽ വിജയം കണ്ടുവന്നിരുന്നതിന്റെ കാറ്റു മാറി വീശിയതാണ് ഇടതുമുന്നണിയുടെ പരാജയത്തിൽ എത്തിച്ചിരിക്കുന്നത്. സർവേകൾക്കും മാധ്യമ വിചാരണകൾക്കും അപ്പുറം ഈ സത്യം മനസ്സിലാക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. അല്ലെങ്കിൽ പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെ പൊട്ടിച്ചെറിഞ്ഞ് രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് അണികൾ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കാര്യ മാത്ര പ്രസക്തമായ പുനർവിചിന്തനം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു സിപിഎം സംസ്ഥാന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പത്രസമ്മേളനം. എല്ലാം പറഞ്ഞ് അവസാനം മുഖ്യമന്ത്രിയുടെ ശൈലിക്ക് പൂർണ്ണ പിന്തുണ നൽകിയാണ് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചത്. നവ കേരള സദസ്സിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളെ രക്ഷാപ്രവർത്തനം എന്ന് വ്യാഖ്യാനിച്ചത് മുതൽ മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും പ്രവർത്തനം പ്രതിപക്ഷത്തെ മാത്രമല്ല ചിന്താശീലമുള്ള പാർട്ടി അണികളെയും വെറുപ്പിക്കുന്നതായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പാർട്ടിയെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെയും പുകഴ്ത്തുന്ന പോസ്റ്ററുകൾ പങ്കു വയ്ക്കുമ്പോഴും സ്വാതന്ത്ര ചിന്താഗതിയുള്ള വ്യക്തികളാണ് പാർട്ടി അണികൾ എന്ന് മനസ്സിലാക്കുന്നതിൽ സിപിഎം നേതാക്കൾക്ക് വന്ന പരാജയത്തിന്റെ ഫലം കൂടിയാണ് പാർട്ടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയം.
പല നേതാക്കളുടെ സ്ഥാനാർത്ഥിത്വം അവരെ കേരളത്തിൽനിന്ന് കെട്ടു കെട്ടിക്കാനുള്ള മാർഗമായിരുന്നു എന്ന് രാഷ്ട്രീയ കേരളത്തിന്റെ പിന്നാമ്പുറ ചർച്ചകളിൽ പ്രധാനപ്പെട്ടതായിരുന്നു. ശൈലജ ടീച്ചറിന്റെ ദയനീയ തോൽവിയെ കുറിച്ചുള്ള വിലയിരുത്തലിൽ അവരുടെ സേവനം കേരളത്തിൽ നിലനിർത്താനാണ് ജനങ്ങൾ ആഗ്രഹിച്ചതെന്ന നിരീക്ഷണം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒരു വശത്ത് വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച് ഈഴവ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കവും മറുവശത്ത് ഹമാസ് അനുകൂല സമ്മേളനങ്ങൾ സംഘടിപ്പിച്ച് മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമവും ഫലത്തിൽ തുണയായത് ബിജെപിക്ക് ആണ് . ബിജെപിയോട് കേരള രാഷ്ട്രീയത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന അയിത്തം മാറിയിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾക്ക് ഭീക്ഷണിയായി ബിജെപി ഉയർന്നു വന്നേക്കാം. ഒപ്പത്തിനൊപ്പമല്ലെങ്കിലും ചെറിയ ഒരു ശതമാനം എംഎൽഎമാരെ നേടാൻ ബിജെപിയ്ക്ക് ആയേക്കാം. ഇത് സംഭവിച്ചാൽ ഇടത് വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാതെ വരുന്ന അവസരത്തിൽ കേരളത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ അനശ്ചിതത്വം വളരെ വലുതായിരിക്കും.
കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയുടെ സ്ഥിതിയും ശുഭകരമല്ല. ബിജെപിയുടെ മുന്നേറ്റം അവരെയും ബാധിക്കും. തലയെടുപ്പുള്ള ജനകീയ സ്വഭാവമുള്ള നേതാക്കൾ ഇല്ലാത്തതും യുഡിഎഫിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കും. വിജയത്തിൻറെ ആഘോഷം അവസാനിക്കുമ്പോൾ പടല പിണക്കങ്ങൾ മുൻനിരയിലേയ്ക്ക് ഉയർന്നു വരാനിരിക്കുന്നതേയുള്ളൂ. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ നടത്തിയ പാർട്ടി സമ്മേളനത്തിൽ രമേഷ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതിനെ ചൊല്ലി അദ്ദേഹത്തിൻറെ പ്രതിഷേധം ഒരു സൂചന മാത്രമാണ് . ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയാണെങ്കിൽ എൽഡിഎഫ് പക്ഷത്തേയ്ക്ക് ചായാനിരുന്ന മുസ്‌ലിംലീഗ് ഇനി മാറി ചിന്തിച്ചേക്കില്ലെന്നത് യുഡിഎഫിനെ സംബന്ധിച്ച് ആശ്വാസകരമാണ്.
മകന്റെ എൻഡിഎയുടെ ഭാഗമായി കേന്ദ്ര അനുകൂല നിലപാടുകളും കേരളത്തിൽ എൽഡിഎഫ് അനുകൂല നിലപാടുകൾ പുലർത്തുകയും ചെയ്തിരുന്ന വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയം വരുന്ന ദിവസങ്ങളിൽ എൽഡിഎഫിന് വിഷമം സൃഷ്ടിക്കും . ഒരുപക്ഷേ സർക്കാർ സംവിധാനമായ നവോത്ഥാന സമിതി അധ്യക്ഷനെന്ന നിലയിയിലുള്ള അദ്ദേഹത്തിൻറെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാം. വെള്ളാപ്പള്ളിയും എൽഡിഎഫും തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മ കൂടുതൽ പ്രയോജനം ചെയ്യുന്നത് ബിജെപിക്കായിരിക്കും.
ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചതിൽ ക്രിസ്ത്യൻ സമുദായങ്ങളും പ്രതിക്കൂട്ടിലാണ്. ചില സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള അന്വേഷണങ്ങൾ സഭാ മേലധ്യക്ഷന്മാരെ ബിജെപി അനുകൂല നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന പാർട്ടി നിലപാട് സിപിഎം സെക്രട്ടറി തന്നെ പരസ്യമായി പ്രകടിപ്പിച്ച സാഹചര്യം ഉണ്ടായി. എന്നാൽ സഭാ മേലധ്യക്ഷന്മാരുടെ പോക്കറ്റിലാണോ സമുദായ അംഗങ്ങൾ എന്നത് മറ്റൊരു പ്രധാന ചോദ്യമാണ് . യുവ വോട്ടർമാരുടെ ഉൾപ്പെടെയുള്ളവരുടെ ബിജെപിയിലേയ്ക്കുള്ള മാറ്റത്തിന്റെ കാറ്റ് തിരിച്ചറിയുന്നതിൽ ഇടതു വലതു മുന്നണികൾ പരാജയപ്പെട്ടാൽ കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് മൂന്നാം മുന്നണിയുടെ ഉദയമായിരിക്കും.
Leave a Reply