ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നും ഓഹരി നിക്ഷേപം പിൻവലിച്ച് ബ്രിട്ടീഷ് പെട്രോളിയം. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്നെഫ്റ്റിലെ 19.75% ഓഹരി നിക്ഷേപമാണ് ബിപി പിൻവലിച്ചത്. യുകെ സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. ബിപി ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ലൂണി റോസ്നെഫ്റ്റ് ബോർഡിൽ നിന്ന് രാജിവെച്ചു. 2020 മുതൽ റോസ്‌നെഫ്റ്റ് ബോർഡിലെ അംഗമായിരുന്നു ലൂണി. റഷ്യൻ വാർത്താ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബിപിയുടെ തീരുമാനത്തെ റോസ്നെഫ്റ്റ് കുറ്റപ്പെടുത്തി. മുപ്പത് വർഷത്തെ സഹകരണം അവസാനിച്ചുവെന്ന് അവർ പറഞ്ഞു.

റോസ്‌നെഫ്റ്റിന്റെ ചെയർമാൻ ഇഗോർ സെച്ചിൻ പ്രസിഡന്റ് പുടിന്റെ അടുത്ത സുഹൃത്താണ്. റഷ്യൻ സൈന്യത്തിന് ഇന്ധനം വിതരണം ചെയ്യുന്നതും റോസ്നെഫ്റ്റ് ആണ്. റഷ്യയ്‌ക്കെതിരായ ഉപരോധം തങ്ങളുടെ ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്ന് ബിപി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതു മുതൽ റോസ്‌നെഫ്റ്റ് യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധത്തിന് കീഴിലാണ്.

ബിപിയുടെ പുതിയ തീരുമാനം പ്രകാരം, റോസ്‌നെഫ്റ്റുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുകയും ലാഭവിഹിതം എടുക്കുന്നത് നിർത്തുകയും ചെയ്യും. ഒപ്പം ബോർഡിലെ രണ്ട് സീറ്റുകളിൽ നിന്നും പിന്മാറുകയാണെന്നും ബിപി വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആഗോളതലത്തിൽ ഓഹരിവിപണിയിൽ വൻ തകർച്ചയാണ് ഉണ്ടായത്. 2014ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. നിക്ഷേപകർ ഓഹരികളിൽ നിന്ന് കൂട്ടത്തോടെ പിൻവലിയുന്നതും വലിയ തിരിച്ചടിയ്ക്ക് കാരണമായി.