മെട്രിസ് ഫിലിപ്പ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം “ഇന്ത്യ”. വിവിധ ജാതി മത വർഗ്ഗ വർണ്ണ ഭാഷ സംസ്കാരം ഉള്ള രാജ്യം. സ്വന്തമായി എഴുതി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടന ഉള്ള രാജ്യം. വിവിധ സംസ്ഥാനങ്ങളാൽ കോർത്തിണങ്ങി കിടക്കുന്ന, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ, നമ്മുടെ ഭാരതം തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തി കഴിഞ്ഞു. 543 പേരടങ്ങുന്ന ലോക് സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ലോകത്തിൽ ഇത്രയധികം രാക്ഷ്ട്രീയ പാർട്ടികൾ ഉള്ളത്, ഇന്ത്യയിൽ മാത്രം ആയിരിക്കും. ചെറുതും വലുതും പാരമ്പര്യവും ഉള്ള രാഷ്ട്രിയ പാർട്ടികൾ, തങ്ങളുടെ നേതാക്കളെ മുന്നിൽ നിർത്തിയുള്ള പ്രചരണങ്ങളുടെ അവസാന ലാപ്പിലേക്ക് എത്തി കൊണ്ടിരിക്കുന്നു. ഭരിച്ചു കൊണ്ടിരിക്കുന്നവർ അവരുടെ ഭരണം നേട്ടത്തെക്കാൾ എതിർ പാർട്ടികളുടെ കുടുംബ പാരമ്പര്യങ്ങളെ ഇല്ലാതാകുവാൻ വേണ്ടിയുള്ള പ്രചരണങ്ങൾ അതിന്റെ ഉച്ചസ്ഥയിൽ എത്തിച്ചിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം ഏറിയതാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. എല്ലാ മതങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്. എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകി മുന്നോട്ട് പോയാലെ രാജ്യത്തിൽ സമാധാനം ഉണ്ടാകു. എന്റെ മതം മാത്രം മതി ഈ രാജ്യത്ത് എന്ന് പറഞ്ഞുകൊണ്ട് പ്രചാരണം അഴിച്ചു വിടുന്ന നേതാക്കൾക്ക്, ചില താൽപ്പര്യങ്ങൾ ഉണ്ടോ എന്ന് മറ്റുള്ളവർ ചിന്തിച്ചാൽ അതിനെ കുറ്റം പറയുവാൻ പറ്റുമോ. ഇന്ത്യയിൽ നിന്നും ഒരു മതത്തെയും പുറത്താക്കുവാൻ സാധിക്കില്ല. അത്രയധികം പ്രാധാന്യത്തോടെ ഓരോ മതങ്ങളെ കുറിച്ചും, അവയുടെ സംരക്ഷണത്തേ കുറിച്ചും വ്യക്തമായി ഭരണഘടനയിൽ എഴുതി വെച്ചിട്ടുണ്ട്. ഇനി അവ തിരുത്തി എഴുതി മുന്നോട്ട് പോകുവാൻ സാധിക്കുമോ എന്ന് പറയുവാൻ പറ്റുകയില്ല.

ജനാധിപത്യ പ്രക്രിയയിൽ, വോട്ട് ചെയ്യുക എന്നത് ഒരു വ്യക്തിയുടെ കടമയാണ്, അവകാശമാണ്. അതുകൊണ്ട് തന്നെ നിലവിൽ,വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള എല്ലാവരും 26ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ, രാവിലെ തന്നെ പോയി വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ലിസ്റ്റിൽ പേരുണ്ടായിട്ടും, വോട്ട് ചെയ്യുവാൻ സാധിക്കാത്ത, ലക്ഷകണക്കിന് പ്രവാസികൾ ഉണ്ട്, എന്ന് നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. വരിവരിയായി, വോട്ടർ ID യുമായി നിന്ന്, ബൂത്തിനുള്ളിൽ, പ്രവേശിച്ചു,പേരും ചിഹ്നവും, നോക്കി ഉറപ്പ് വരുത്തി കൃത്യമായി വോട്ട് ചെയ്യുക. നോട്ടക്ക് കുത്തി വോട്ട് പാഴാക്കരുത്. നിങ്ങൾക്ക് ഇഷ്ടം ഉള്ള ആർക്കും പേടിയില്ലാതെ വോട്ട് ചെയ്യുക. കാരണം, വോട്ട് ചെയ്യാൻ സാധിക്കാത്ത പ്രവാസികൾ ഉണ്ട് എന്ന് ഓർമ്മിക്കുക. കള്ള വോട്ട് ചെയ്യാൻ വരുന്നവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുക. അങ്ങനെ, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗഭാക്കാകുവാൻ ആശംസിക്കുന്നു. വിജയം ആർക്കായാലും, അവർ വഴി രാജ്യത്തിന്റെ ഉയർച്ചക്ക്, നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി അവർ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം. ഒരു നല്ല നാളേക്ക് വേണ്ടി കരുതലോടെ വോട്ട് ചെയ്യാം.
ആശംസകൾ…

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore