ന്യൂസ് ഡെസ്ക് മലയാളം യുകെ
മാഞ്ചസ്റ്റർ : ബ്രിട്ടീഷ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ജോലി സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന യുവതിയെ അവരുടെ സമ്മതം കൂടാതെ ചുംബിച്ച കുറ്റത്തിനാണ് മലയാളിയായ സരോജ് ജെയിംസ് (27) ക്രൗൺ കോടതിയിൽ വിചാരണ നേരിട്ടത്. കുറ്റസമ്മതം നടത്തിയതോടെ ജയിൽ ശിക്ഷ ഒഴിവായെങ്കിലും ലൈംഗികാതിക്രമം നടത്തിയതിനുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സമ്മതം കൂടാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇത്തരം കുറ്റങ്ങളിൽ ഒരു മലയാളി പ്രതിയായതിന്റെ നാണക്കേടിലാണ് യുകെ മലയാളികൾ. കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങിയ സരോജും വിദ്യാർത്ഥിയായാണ് യുകെയിൽ എത്തിയത്. തുടർന്ന് കെയർ ഹോമിൽ കെയററായി ജോലി ചെയ്ത് തുടങ്ങി.
അവിടെ വച്ചാണ് സഹപ്രവർത്തകയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആദ്യ ഷിഫ്റ്റിൽ തന്നെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച സരോജ്, അവരുടെ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എന്നാൽ അതിലൂടെ തന്റെ പദ്ധതി നടക്കില്ലെന്നു മനസിലാക്കിയ പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ് പ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. യുവതിയോട് തോന്നിയ അടുപ്പം മുതലാക്കി ചുംബനം ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ചതോടെ ബലപ്രയോഗത്തിലൂടെ ചുംബനം നൽകുകയായിരുന്നു. ഇതിനുള്ള തെളിവുകളും വാദി ഭാഗം കോടതിയില്‍ ഹാജരാക്കി. മാഞ്ചസ്റ്റര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് മിന്‍സ് ഹാള്‍ ക്രൗണ്‍ കോടതിയാണ്.
വിറ്റന്‍ഷോയില്‍ താമസിച്ചിരുന്ന സരോജ് പതിവായി യുവതിക്ക് സന്ദേശങ്ങൾ അയക്കാന്‍ തുടങ്ങിയെന്നും പ്രോസിക്യൂട്ടര്‍ പീറ്റര്‍ ഹോര്‍ഗെന്‍ കോടതിയെ അറിയിച്ചു. ഇതോടെ യുവാവിന്റെ ശല്യം അവസാനിപ്പിക്കാന്‍ യുവതി നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടർന്നായിരുന്നു ബലപ്രയോഗത്തിലൂടെയുള്ള ചുംബനം. സംഭവ ശേഷം വീണ്ടും യുവാവ് വാട്‌സാപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ഇതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു അതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ അതിയായ ഖേദം ഉണ്ടെന്നും കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റിയെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാൽ ലൈംഗികാതിക്രമം മുന്നിൽ കണ്ടാണ് പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് വാദങ്ങള്‍ കേട്ട ശേഷം ജഡ്ജ് ആഞ്ചേല നീല്‍ഡ് വ്യക്തമാക്കി. യുവതി ശക്തമായി എതിര്‍ത്തിട്ടും ചുംബിക്കാന്‍ ശ്രമിച്ചത് നീതീകരണം അര്‍ഹിക്കുന്ന പ്രവൃത്തിയല്ലെന്നും കോടതി അറിയിച്ചു. ഇതോടെ രണ്ടു വര്‍ഷം കടുത്ത സാമൂഹ്യ നിയന്ത്രണത്തിലൂടെ പ്രതി കടന്നുപോകേണ്ടി വരും. ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവര്‍ക്കുള്ള റീഹാബിലിറ്റേഷന്‍ കോഴ്സ് പൂർത്തിയാക്കുന്നതോടൊപ്പം ശമ്പളം ഇല്ലാതെ 160 മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണം. യുവതിയെ കാണുന്നതിനും വിലക്കുണ്ട്. ഒപ്പം അഞ്ചു വർഷം സെക്‌സ് ഒഫന്‍ഡേഴ്സ് ലിസ്റ്റില്‍ പേര് പതിയുകയും ചെയ്യും.
Leave a Reply