ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 2022ലെ പുതിയ ഡ്രൈവിംഗ് നിയമങ്ങളെ പറ്റി വിശദമായി അറിയാം.

• റോഡിൽ സൈക്കിൾ യാത്രകർക്കും കാൽനട യാത്രക്കാർക്കും മുൻഗണന

ഇനി വാഹനം ഓടിക്കുമ്പോൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ മുൻഗണന നൽകണം. ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ ഹൈവേ കോഡ് പ്രകാരമാണ് ഈ മാറ്റം. റോഡിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന കാറുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പിന്നിൽ സൈക്കിൾ യാത്രക്കാരുണ്ടെങ്കിൽ അവർക്കായി വഴിമാറിക്കൊടുക്കണമെന്നും നിയമത്തിൽ പറയുന്നു. മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അവരുടെ വാഹനത്തിനും സൈക്കിൾ യാത്രികനും ഇടയിൽ എപ്പോഴും 1.5 മീറ്റർ അകലം പാലിക്കണം. ഒപ്പം സൈക്കിൾ യാത്രക്കാർ ഇനി റോഡിന്റെ മധ്യഭാഗത്ത് കൂടി യാത്ര ചെയ്യണമെന്നും നിയമം വ്യക്തമാക്കുന്നു. സമാന രീതിയിലുള്ള സുരക്ഷ കാൽനട യാത്രക്കാരനും ഉറപ്പാക്കുന്നുണ്ട്.

• വാഹനമോടിക്കുമ്പോൾ ഇനി മൊബൈൽ ഫോണിൽ തൊടരുത്.

വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സ്പർശിച്ചാൽ 200 പൗണ്ട് പിഴയോടൊപ്പം ആറ് പെനാൽറ്റി പോയിന്റും നേരിടേണ്ടി വരും. വാഹനമോടിക്കുമ്പോൾ എങ്ങനെയൊക്കെ ഫോൺ ഉപയോഗിച്ചാലും ശിക്ഷ നേരിടേണ്ടി വരും. നിങ്ങള്‍ ഫോണില്‍ സംസാരിക്കണമെന്നില്ല, സ്‌ക്രീനില്‍ ടച്ച് ചെയ്ത് ഇഷ്ടഗാനം തിരഞ്ഞാലും ശിക്ഷയുറപ്പാണ്. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും ഗെയിം കളിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഗതാഗത കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫോൺ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഹാൻഡ്‌സ് ഫ്രീ കോൾ നടത്താമെന്ന ഇളവുണ്ട്. വാഹനമോടിക്കുമ്പോള്‍ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഒരു നാവിഗേറ്റര്‍ എന്ന നിലയില്‍ ഫോൺ ഉപയോഗിക്കാം. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളിലും റോഡ് ടോള്‍ പ്ലാസകളിലും പണം നല്‍കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വാഹനം ശരിയായി നിയന്ത്രിക്കുന്നില്ല എന്ന് കണ്ടാല്‍ പോലീസിന് നിങ്ങളുടെ പേരില്‍ കേസെടുക്കാനാവും.

• നിയമലംഘനം കണ്ടാൽ ഇനി പ്രാദേശിക കൗൺസിലും പിഴ ചുമത്തും

ചെറിയ തരത്തിലുള്ള നിയമലംഘനങ്ങൾക്ക് 70 പൗണ്ട് വരെ പിഴ ഈടാക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് അധികാരം നൽകുന്നു. മുൻപ് പിഴകൾ നൽകാനുള്ള ഉത്തരവാദിത്തം പോലീസിന് മാത്രമായിരുന്നു.

• നടപ്പാതകളിൽ ഇനി പാർക്കിംഗ് വേണ്ട

നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾക്ക് അധികാരമുണ്ട്. ഇവരിൽ നിന്ന് 70 പൗണ്ട് പിഴ ഈടാക്കും. ലണ്ടനിലും യുകെയുടെ മറ്റ് ചില ഭാഗങ്ങളിലും നടപ്പാതയിൽ പാർക്ക് ചെയ്യുന്നത് ഇതിനകം നിയമവിരുദ്ധമാണ്.

• ജൂലൈ 6 മുതൽ സ്പീഡ് ലിമിറ്ററുകൾ

2022ൽ എല്ലാ പുതിയ കാറുകളിലും സ്പീഡ് ലിമിറ്ററുകൾ നിർബന്ധമാക്കും. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് സിസ്റ്റം (ഐഎസ്എ) എന്ന് ഇതറിയപ്പെടുന്നു. വേഗതകൂടുതൽ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.

• മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു. കുറ്റവാളികൾക്ക് സർക്കാർ കടുത്ത ശിക്ഷയും ഏർപ്പെടുത്തും.

• സെൽഫ് ഡ്രൈവിംഗ് കാറുകൾ യുകെ റോഡുകളിലേക്ക്

ഓട്ടോമാറ്റിക് ലെയ്ൻ കീപ്പിംഗ് സിസ്റ്റങ്ങൾ (ALKS) കാറുകളെ കുറഞ്ഞ വേഗതയിൽ നിലനിർത്തും. ഈ സംവിധാനം സെൽഫ് ഡ്രൈവിംഗ് ടെക്നോളജിയുടെ ഉദാഹരണമാണെന്ന് കഴിഞ്ഞ വർഷം സർക്കാർ അറിയിച്ചു. 2022 വസന്തത്തോടെ ALK സാങ്കേതികവിദ്യയുള്ള കാറുകൾ യുകെ നിരത്തുകളിലെത്തുമെന്ന് സർക്കാർ പറയുന്നു.

• പുതിയ ക്ലീൻ എയർ സോണുകൾ

2022 മെയ് 30-ന് മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ അവതരിപ്പിക്കും. ഇതോടെ ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ പ്രത്യേക ചാർജ് നൽകണം. ബ്രാഡ്ഫോർഡ്, ഓക്സ്ഫോർഡ് എന്നീ നഗരങ്ങളും ക്ലീൻ എയർ സോണിലേക്ക് മാറും.

• ഇലക്ട്രിക് കാർ ഗ്രാന്റ് വെട്ടിക്കുറച്ചു

കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. എന്നാൽ 2021 ഡിസംബറിൽ സർക്കാർ ഇലക്ട്രിക് കാർ ഗ്രാന്റ് വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ, ഗ്രാന്റ് 2,500 പൗണ്ടിൽ നിന്ന് 1,000 പൗണ്ടായി വെട്ടിക്കുറച്ചു. 32,000 പൗണ്ട് വരെ വിലയുള്ള വാഹനങ്ങൾക്ക് മാത്രമേ ഇത് ലഭ്യമാകൂ.

• നിങ്ങൾ വാഹനമോടിക്കാൻ യോഗ്യരാണോ എന്ന് നഴ്സുമാർക്ക് തീരുമാനിക്കാം

നിങ്ങൾ വാഹനമോടിക്കാൻ യോഗ്യനാണോ/യോഗ്യയാണോ എന്ന് നിർണ്ണയിക്കാൻ ഇനി നഴ്‌സുമാർക്ക് കഴിയും. ഇക്കാര്യം സർക്കാർ പരിഗണനയിലാണ്. മുൻപ് ജിപിമാർക്ക് മാത്രമായിരുന്നു അനുമതി. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാനും ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും ഈ മാറ്റം സഹായകമാകും.