സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി.

അതിനിടെ സംഭവത്തിൽ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സനൽ കത്തിക്ക് ഇരയായത്.

ഒരു വർഷം മുൻപു മാത്രം അൽ ഹസയിലെ ബ്രാഞ്ചിൽ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കൻ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. ശഅബയിലെ ഒരു കടയിൽ പാൽ വിതരണത്തിന് എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി ദൃസാക്ഷികൾ പറയുന്നു. നിരവധി സാമൂഹിക സഹായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു സനൽ. പത്തു വർഷമായി അൽ ഹ‍സയിലുണ്ട്.