അമൃത്സര്‍: പത്താന്‍കോട്ടില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടിലിനിടെ കൊല്ലപ്പെട്ട സൈനികരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. എന്‍എസ്ജിയിലെ ലെഫ്റ്റനന്റ് കേണല്‍ ആയ നിരഞ്ജന്‍ കുമാര്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരി കളരിയ്ക്കല്‍ ശിവരാജന്റെ മകനാണ് നിരഞ്ജന്‍. ഏറെ കാലമായി ഇവര്‍ ബെംഗളൂരുവിലാണ് താമസിയ്ക്കുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആണ് നിരഞ്ജന്റെ മരണ വിവരം അറിയിച്ചത്.
ഭീകരാക്രമണം ചെറുക്കുന്നതിനിടെയാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. നിരഞ്ജന്റെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുമ്പോഴാണ് സ്‌ഫോടനത്തില്‍ നിരഞ്ജന്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഏഴ് സൈനികരാണ് ഭീകരാക്രമണത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടത്.