യുകെയിൽ വർഷങ്ങളോളം പ്രവർത്തിച്ച നേഴ്സുമാർ കൈ കോർത്തപ്പോൾ കോട്ടയം മെഡിക്കൽ കോളജിന് ലഭിച്ചത് അപൂർവ്വ നേട്ടവും ബഹുമതിയുമാണ്. മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രോജക്ട് ആണ് യുകെ നേഴ്സുമാരുടെ പിന്തുണയോടെ നടപ്പിലായത്. കോട്ടയം പാലാ സ്വദേശിനിയും 2022 -ലെ മലയാളം യുകെയുടെ അവാർഡ് ജേതാവുമായ മിനിജ ജോസഫ്, ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യൻ, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച യുകെ നേഴ്സുമാർ. ഇവർക്കൊപ്പം യുകെയിൽ നേഴ്‌സായ അയർലൻഡ് സ്വദേശിനി മോന ഗഖിയൻ ഫിഷറും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു.
ഈ ആശയം ആദ്യം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. വിനീത വി. നായർ എന്നിവരുമായി പങ്കുവച്ചപ്പോൾ പൂർണ്ണ സമ്മതം നൽകുകയായിരുന്നു. തുടർന്ന് യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ കൈരളി യുകെയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബും പ്രസിഡന്റ് പ്രിയാ രാജനും പ്രോജക്ടിന്റെ വിശദമായ റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് മുന്നിൽ അവതരിപ്പിച്ചു. ചർച്ചകളിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ. പി. മുഹമ്മദ് ഹനീഷ് ഐഎഎസിനെ മന്ത്രി നിയോഗിക്കുകയും ചെയ്തു. യാതൊരു വിധ സർക്കാർ ഫണ്ടുകളോ ഔദ്യോഗിക രേഖകളുടെ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവച്ചും ഓൺലൈൻ ക്ലാസുകൾ നൽകിയും പ്രോജക്ട് ആരംഭിക്കാൻ അനുമതി നൽകുകയായിരുന്നു. ഇത് വഴി ഒരു കാർഡിയോ തൊറാസിക് രോഗിയുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ സുരക്ഷയും നേഴ്സിങ് കെയറിന്റെ പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നത് മികച്ച ഫലം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലെ ഐസിയു, തിയേറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പടെയുള്ള വിവിധ ക്ലിനിക്കൽ ഏരിയകളിലെ നേഴ്‌സുമാരായ ഷൈബിമോൾ കുര്യൻ, എ. എം. ഷീബ, എ. ആർ. പ്രീതി, ജിൻസ് മോൻ, ത്രേസ്യാമ ഡൊമിനിക്, എം. ടി. ലത, ടി. എസ്. അനിജ, പി. സലിൻ, എം. ആർ. സുനിത എന്നിവരും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു. മെഡിക്കൽ കോളജ് കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള പ്രവർത്തന രീതികൾ, അവയിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെ കുറിച്ച് നിരന്തരമായ ഓൺലൈൻ സ്റ്റഡി സെഷനുകൾ നടന്നിരുന്നു. പ്രോജക്ടിൽ പ്രായോഗികമായ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതോടൊപ്പം തന്നെ യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന അറിവുകൾ പങ്കുവയ്ക്കുകയും കൂടാതെ നഴ്‌സുമാരുടെ നേതൃത്വപാടവവും ടീം വർക്കും മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.
നിലവിൽ കിംഗ്‌സ് കോളേജ് ആശുപത്രിയിൽ ലീഡ് നേഴ്‌സായി സേവനം ചെയ്യുന്ന മിനിജ ഉരുളികുന്നം സ്വദേശിനിയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വിവിധ ആശുപത്രികളിലെ ജോലി പരിചയവുമായി 2000 – ത്തിലാണ് മിനിജ യുകെയിലെത്തിയത് . 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഇതിനോടകം മിനിജ ജോസഫിനെ തേടിയെത്തിയത്. 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്.
ബിജോയ് സെബാസ്റ്റ്യൻ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കൽ കെയർ ഇലക്ടീവ് സർജിക്കൽ പാത്ത് വെയ്‌സ് സീനിയർ നേഴ്‌സായും, മേരി എബ്രഹാം കിങ്‌സ് കോളജ് എൻഎച്ച്എസ് ഐസിയു, എച്ച്‌ഡിയു വാർഡ് മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
യുകെയിലെയും അയർലാൻഡിലെയും ആശുപത്രികളിലെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മോന ഗെക്കിയൻ ഫിഷർ 2018-2021 കാലഘട്ടത്തിൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് പേരിഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
കേരളത്തിലെ ആരാഗ്യ മേഖലയ്ക്കായി ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യനുള്ള ഒരുക്കത്തിലാണ് ഈ യുകെ മലയാളി നേഴ്സുമാർ.
Leave a Reply