ഷാര്‍ജ: സൂപ്പര്‍മാര്‍ക്കറ്റ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്ക് വധശിക്ഷ. പാനൂര്‍ കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ സ്വദേശിയും പരേതനായ പക്രു ഹാജിയുടെ മകനുമായ അബൂബക്ക(51)റെ കൊലപ്പെടുത്തി കയ്യിലുണ്ടായിരുന്ന ഒന്നര ലക്ഷം ദിര്‍ഹം(ഏകദേശം 22.18 ലക്ഷം രൂപ) കവര്‍ന്ന കേസിലാണ് മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പത്ത് സുഹ്‌റ മന്‍സിലില്‍ അബ്ദുള്‍ ബാസിതി(24)ന് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചത്.
ഷാര്‍ജ വ്യവസായ മേഖലയിലെ അസര്‍ അല്‍ മദീന ട്രേഡിംഗ് സൂപ്പര്‍മാര്‍ക്കറ്റ് മാനേജറായ അബൂബക്കറിനെ 2013 സപ്തംബര്‍ അഞ്ചിനാണ് താമസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചത്തെ അവധിയായതിനാല്‍ അബൂബക്കറിനെ രണ്ട് സുരക്ഷാ ജീവനക്കാര്‍ മുറിയിലാക്കി മടങ്ങുകയായിരുന്നു. പിന്നീട് പതിനഞ്ച് മിനിറ്റിനുള്ളില്‍ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ അബൂബക്കര്‍ കുത്തേറ്റ് മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.

പണം സൂക്ഷിക്കുന്ന സ്ഥലം കൂടിയായതിനാല്‍ അടുത്ത പരിചയക്കാരല്ലാതെ ആരു വന്നാലും അബൂബക്കര്‍ മുറി തുറക്കാറില്ലായിരുന്നു. അടുത്ത ബന്ധമുണ്ടായിരുന്ന ആരെങ്കിലുമാകാം കൊലയ്ക്കു പിന്നിലെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാസിത് കുടുങ്ങിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ നഷ്ടപ്പെട്ട പണം ബാസിതിന്റെ മുറിയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ബാസിത്ത് അവിവാഹിതനാണ്.

അബൂബക്കര്‍ മുന്‍കൈയെടുത്താണ് ബാസിത്തിന് സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി തരപ്പെടുത്തിയിരുന്നത് രാത്രി താമസസ്ഥലത്ത് പണവുമായി എത്തിയ അബൂബക്കറിനെ ഇരുമ്പുദണ്ഡുകൊണ്ടടിച്ച് കൊലപ്പെടുത്തി പണം അപഹരിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയ പോലീസ് മുറിയില്‍നിന്ന് തൊണ്ടിമുതലും കണ്ടെടുത്തിരുന്നു.