ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് പോലീസ് ലോകത്തിന് മുൻപിൽ എന്നും തലയെടുപ്പോടെ നിൽക്കുന്നത് കാര്യക്ഷമതയിലും സത്യസന്ധതയിലും മറ്റ് രാജ്യങ്ങളിലെ ക്രമസമാധാന സംവിധാനങ്ങളേക്കാൾ മികച്ചതായതുകൊണ്ടാണ്. സ്കോട്ട്‌ലൻഡ്‌ യാർഡ് എന്ന ബ്രിട്ടീഷ് പോലീസ് സേന ലോക രാഷ്ട്രത്തിലെ പോലീസ് സംവിധാനത്തിന് എന്നും മാതൃകയാണ്. എന്നാൽ കേരളത്തിൽ നിന്ന് യുകെയിൽ ഉന്നത പഠനത്തിന് എത്തിയ ഈ മൂന്ന് വിദ്യാർത്ഥികൾ നേരിട്ട ക്രൂരമായ മോഷണവും തുടർന്നുള്ള സംഭവങ്ങളും ബ്രിട്ടീഷ് പോലീസ് സംവിധാനത്തിന് തന്നെ തികച്ചും അപമാനകരമാണ്. വളരെ സങ്കടത്തോടെയാണ് മലയാളി വിദ്യാർത്ഥികളായ ജോസും സെബാസ്റ്റ്യനും കൃഷ്ണ ദേവും തങ്ങൾക്ക് ഉണ്ടായ ദുരനുഭവം മലയാളം യുകെയുമായി പങ്കുവെച്ചത്.

ഏപ്രിൽ 30 വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്നാണ് ഇവരുടെ താമസസ്ഥലത്തു നിന്നും ഒട്ടേറെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജോസിന് നഷ്ടമായത് 2500 പൗണ്ട് വിലയുള്ള ആപ്പിൾ മാക് ബുക്കും 2 ഹാർഡ് ഡിസ്കും ഒരു ബ്ലൂടൂത്ത് സ്പീക്കറും 950 പൗണ്ടും ആണ്. സെബാസ്റ്റ്യൻെറ 900 പൗണ്ടും പാസ്പോർട്ടും എല്ലാ സർട്ടിഫിക്കറ്റുകളും മോഷ്ടാവിന്റെ കൈയ്യിലായി. കൃഷ്ണ ദേവിന് നഷ്ടമായത് തന്റെ ലാപ്ടോപ്പും വാച്ചുമാണ്. മോഷ്ടാവിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും അടക്കം വ്യക്തമായ സിസിടിവി തെളിവുകളുമായി പരാതിപ്പെട്ടിട്ടും പോലീസിൻറെ ഭാഗത്തുനിന്നുള്ള സമീപനം നിരാശാജനകമായിരുന്നു. പിന്നീടൊരിക്കൽ മോഷ്ടാവിനെ കണ്ടെത്തി പിൻതുടർന്ന് എത്തി അയാൾ ഓടിരക്ഷപ്പെട്ട വീട് കാണിച്ചു കൊടുത്തെങ്കിലും തുടർ നടപടികളുമായി പോലീസ് മുന്നോട്ടു പോയില്ല എന്നതാണ് അത്ഭുതാവഹം. ഫോട്ടോയിലും സിസിടിവി യിലും കണ്ട് പരിചയമുള്ള മോഷ്ടാവിനെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ തങ്ങളുടെ ലാൻഡ് ലോർഡിന്റെ സഹായം തേടി. വിദ്യാർത്ഥികൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ ഫോട്ടോ കാണിച്ച് നീ തന്നെയാണോ എന്ന് ചോദിച്ച അവസരത്തിൽ മോഷ്ടാവ് ഓടി തന്റെ വീടിനുള്ളിൽ കയറി. പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും പോലീസിന് മറ്റൊരാളുടെ വീടിനുള്ളിൽ കയറാനുള്ള അവകാശം ഇല്ലെന്ന് പറഞ്ഞ് ഒഴിവാകുകയാണ് ഉണ്ടായത് . ഈ വീട് മോഷ്ടാവ് വാടകയ്ക്ക് എടുത്തതാണെന്നും പറയപ്പെടുന്നു . വീടിന്റെ ഉടമസ്ഥനെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചെങ്കിലും ആരും അവിടെ താമസം ഇല്ലെന്നാണ് അവകാശപ്പെട്ടത് . പക്ഷേ പിന്നീട് സിസിടിവി തെളിവുകൾക്കായി വീട്ടുടമസ്‌ഥനെ ബന്ധപ്പെട്ടപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ചത് സംശയങ്ങൾ ഉളവാക്കുന്നു. നിങ്ങളുടെ പരാതി ലഭിച്ചു നടപടികൾ സ്വീകരിക്കാം എന്നൊരു ഇമെയിൽ സന്ദേശം മാത്രമാണ് പോലീസിൻെറ ഭാഗത്ത് നിന്ന് ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശൂർ സ്വദേശിയായ ജോസ് എം ജെയും വൈക്കം സ്വദേശിയായ കൃഷ്ണദേവും കളിനറി ആർട്സ് മാനേജ്മെന്റിൽ ആണ് ഉപരിപഠനം നടത്തുന്നത്. അങ്കമാലി സ്വദേശിയായ സെബാസ്റ്റ്യൻ എം എ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ആണ് പഠിക്കുന്നത്. സർട്ടിഫിക്കറ്റുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട ഈ വിദ്യാർഥികൾ പങ്കുവെച്ച ഫോട്ടോയും വീഡിയോകളും മലയാളം യുകെ പ്രസിദ്ധീകരിക്കുന്നു. വ്യക്തമായ തെളിവുകളുമായി കള്ളനെ ചൂണ്ടിക്കാണിച്ചിട്ടും പിടിക്കാത്ത പോലീസിൻെറ നടപടി ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. ഏപ്രിൽ 30 ലെ സംഭവങ്ങൾ മൂലം മനഃസമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് യുകെയിലെ ഈ പ്രവാസി മലയാളി വിദ്യാർത്ഥികൾ.

മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യം കാണാം.