ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എ ലെവൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മിന്നും നേട്ടവുമായി മലയാളി വിദ്യാർത്ഥികൾ. കോവിഡിന് ശേഷമുള്ള പരീക്ഷകൾ പതിവിലും ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും മികച്ച മാർക്ക് നേടി ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണ് അനേകം മലയാളി വിദ്യാർത്ഥികൾ. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിസൽറ്റ് പരിശോധിച്ചപ്പോൾ തദ്ദേശീയരായ വിദ്യാർഥികളെക്കാൾ മികച്ച വിജയം കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ മലയാളി കുട്ടികൾ.
താരമായി തോംസൺ
പുറത്തുവന്നിരിക്കുന്ന റിസൾട്ടുകൾ പ്രകാരം കവന്‍ട്രിയിലെ തോംസണ്‍ ജോയി എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടി. റഗ്ബി ലോറന്‍സ് ഷെരിഫ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തോംസണ്‍ സാമ്പത്തിക പഠനത്തിനായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിൽ ചേരും. പഠനകാലത്ത് എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥിക്കായുള്ള റോഡ്സ് മെഡൽ തോംസണായിരുന്നു. എല്ലാ വർഷം ഒരു വിദ്യാർത്ഥിക്ക് മാത്രം ലഭിക്കുന്ന ഈ മെഡൽ 2022ൽ തോംസണെ തേടിയെത്തി എന്നുള്ളത് മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാനുള്ള വക നൽകുന്നു.
എക്കണോമിക്‌സ്, ഫര്‍ദര്‍ മാത്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് തോംസണ്‍ ജോയ് എ സ്റ്റാര്‍ കണ്ടെത്തിയത്. സാധാരണ ഫര്‍ദര്‍ മാത്‌സ് അധികം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന വിഷയമല്ല, പഠനം കൂടുതല്‍ കടുപ്പമേറിയതു കൊണ്ടാണ് ഈ വിഷയം ഒഴിവാക്കുന്നത്. എന്നാല്‍ തോംസണ്‍ താരതമ്യേനേ ലളിതമായ മറ്റൊരു വിഷയം ഒഴിവാക്കിയാണ് കടുപ്പമുള്ള ഫര്‍ദര്‍ മാത്‌സ് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. യുകെ മലയാളികള്‍ക്കിടയിലെ ശ്രദ്ധേയ സംരംഭകനായ അലൈഡ് ജോയിയുടെ മൂത്ത മകനാണ് തോംസണ്‍. വീട്ടമ്മയായ ജൂലി ജോയ് ആണ് മാതാവ്. റഗ്ബി ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആന്‍ഡ്രിയ, റീത്ത എന്നിവരാണ് സഹോദരങ്ങള്‍. പാലാ സ്വദേശികളാണ് ജോയിയും ജൂലിയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇവര്‍ കവന്‍ട്രിയിലാണ് താമസം.
പുതുവഴി തേടി മിടുക്കർ
മികച്ച നേട്ടം കൈവരിച്ചവരിൽ മിക്കവരും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വേറിട്ട പാതയിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ ഫീൽഡിലേക്ക് കടക്കാൻ മിക്ക വിദ്യാർത്ഥികളും താല്പര്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയം. ഈസ്റ്റ്ഹാമിലെ എഡിനും മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ കരസ്ഥമാക്കി. ജി സി എസ് ഇ പരീക്ഷയില്‍ നേടിയ ഫുള്‍ സ്‌കോര്‍ വിജയം ഇവിടെയും ആവർത്തിച്ചു. കംപ്യുട്ടര്‍ സയന്‍സ് പഠിക്കാനാണ് എഡിന് ഇഷ്ടം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കണമെന്നാണ് എഡിന്‍ പറയുന്നത്. ഫുൾ എ സ്റ്റാറിൽ മിക്ക ബ്രിട്ടീഷ് കുട്ടികൾക്കും കാലിടറിയപ്പോഴാണ് മലയാളി വിദ്യാർത്ഥികളുടെ ഈ കുതിപ്പ്.
കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, എന്‍ജിനിയറിംഗ് , നിയമം തുടങ്ങിയ മേഖലകളിലേക്ക് തിരിയുന്ന മലയാളി ചെറുപ്പക്കാരുടെ എണ്ണം ഉയരുകയാണ്. യുകെ മലയാളികള്‍ക്കിടയിൽ കുറഞ്ഞ കൂലിയും കൂടുതൽ അധ്വാന ഭാരവുമുള്ള മെഡിക്കല്‍ ഫീല്‍ഡിൽ നിന്ന് ഇന്നത്തെ യുവത അകന്നുതുടങ്ങിക്കഴിഞ്ഞു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മണിക്കൂറില്‍ 14 പൗണ്ട് മാത്രം ലഭിക്കുമ്പോള്‍ മറ്റു മേഖലകളില്‍ ഉള്ള മിടുക്കർക്ക് ആദ്യ വര്‍ഷം തന്നെ ഇരട്ടി ശമ്പളം ലഭിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വിദ്യാർത്ഥികൾ വ്യത്യസ്ത പാതകൾ തിരഞ്ഞെടുക്കുന്നത്.
കമ്പ്യൂട്ടർ സയൻസ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്ത് എഡ് സജി
ഈസ്റ്റ് ഹാമിലെ എഡ് സജി തന്റെ ഭാവി ജീവിതം ലക്ഷ്യമിടുന്നത് കംപ്യുട്ടര്‍ സയന്‍സ് കോഴ്‌സിലാണ്. ലോകത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആയിരിക്കും എന്നുറപ്പിക്കുന്ന അനേകം ചെറുപ്പക്കാരാണ് കംപ്യുട്ടര്‍ സയന്‍സിലേക്ക് ആവേശത്തോടെ എത്തിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തെ യുകെയിലെ ഏറ്റവും മികച്ച സര്‍വകലാശാല ആയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കാണ് എഡ് എത്തുന്നത്.
ലണ്ടനിലെ ബ്രാംപ്ടണ്‍ മനോര്‍ അക്കാദമിയില്‍ പഠിച്ച എഡ് മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാറുകള്‍ നേടിയത്. സജി പീലി – ബിന്ദു സജി ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ് എഡ്. ഫെന്‍ സജി, റെ സജി എന്നിവര്‍ സഹോദരന്മാരും നിസ് സജി ഏക സഹോദരിയുമാണ്.
എ ലെവലിലെ ആദ്യ പെണ്‍തിളക്കമായി ബ്രിസ്റ്റോളിലെ സാമന്ത; ഇനി കാര്‍ഡിഫില്‍ ഡോക്ടര്‍ പഠനത്തിന്
എ ലെവല്‍ പരീക്ഷയില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ആദ്യ പെണ്‍കുട്ടിയായി ഇക്കുറി വന്നിരിക്കുന്നത് ബ്രിസ്റ്റോളിൽ നിന്നുള്ള സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലിനെയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തിളക്കമാര്‍ന്ന വിജയമാണ് സാമന്ത കരസ്ഥമാക്കിയത്. എ ലെവലില്‍ മൂന്നു വിഷയങ്ങള്‍ എടുത്തു പഠിച്ച സാമന്ത രണ്ട് എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. മാത്തമാറ്റിക്‌സിനും ബയോളജിക്കും എ സ്റ്റാറും കെമിസ്ട്രിക്ക് എയുമാണ് നേടിയത്.
ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന കുറുപ്പുന്തറ സ്വദേശികളായ ബിജു സോളി ദമ്പതികളുടെ ഇളയ മകളാണ് സാമന്ത. മാത്രമല്ല, ഉന്നത വിജയം നേടിയ ഈ പെണ്‍കുട്ടി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനത്തിന് യോഗ്യതയും നേടികഴിഞ്ഞു.
രണ്ട് എ സ്റ്റാറുകളുടെ തിളക്കത്തില്‍ അലീന ബെന്‍സണ്‍
രണ്ട് എ സ്റ്റാറുകളും രണ്ട് എ യും നേടി വെസ്റ്റ് കിര്‍ബി ഗ്രാമര്‍ സ്‌കൂളിലെ അലീന ബെന്‍സണ്‍. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് എ സ്റ്റാറും മാത്തമാറ്റിക്‌സ്, എക്‌സ്റ്റന്റഡ് പ്രൊജക്ട് എന്നിവയ്ക്ക് എയും നേടിയാണ് അലീന മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലാണ് അലീന മെഡിസിന് അഡ്മിഷന്‍ നേടിയിരിക്കുന്നത്.
സൗണ്ട് എഞ്ചിനീയറും ഗായകനുമായ ബെന്‍സണ്‍ ദേവസ്യയുടെയും ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ബീനാ ബെന്‍സണിന്റെയും ഇളയ മകളാണ് അലീന. മൂത്ത സഹോദരി ലണ്ടന്‍ ഇംപീരിയല്‍ കോളേജിന് മെഡിസിനു പഠിക്കുകയാണ്.
മലയാളി കുടുംബങ്ങളിലെ കുട്ടികള്‍ എ ലെവല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയാണെങ്കില്‍ ആ വിവരം മലയാളം യുകെയെ അറിയിക്കാവുന്നതാണ്. മികച്ച വിജയം നേടിയ കുട്ടികളാണെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും ഞങ്ങള്‍ക്ക് അയച്ച് തരുക. അയക്കേണ്ട വിലാസം: [email protected]
Leave a Reply