ബെംഗളൂരുവിൽ മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിനിക്കാണ് ദുരനുഭവം. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരിതമുണ്ടായത്.
ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ഇന്നലെ രാത്രിയിലാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. 5 ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തു നിന്നും തിരിച്ചയച്ചു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോ റിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.
പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും, ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എം എൽ എ സമീർ അഹമ്മദ് ഖാൻ ധനസഹായവും നൽകി.
Leave a Reply