ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏജന്റിന്റെ തട്ടിപ്പിന് ഇരയായ മലയാളി യുവാവിന് ലണ്ടനിൽ വച്ച് ക്രൂരമർദ്ദനം ഏറ്റു. വിഴിഞ്ഞം സ്വദേശിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം സീമെൻ വിസയിലാണ് യുവാവ് ലണ്ടനിൽ എത്തിയത്. വിസ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ യുവാവിന് ഇന്ത്യൻ ഹൈക്കമ്മീഷന്റെയും യുകെ മലയാളികളുടെയും സഹായത്തോടെ കേരളത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.
തെരുവിൽ അബോധാവസ്ഥയിൽ ചില വഴിയാത്രക്കാരാണ് യുവാവിനെ കണ്ടതെന്നും ഈലിങ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും ആണ് അറിയാൻ സാധിച്ചത്. ബസിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രക്കാരിൽ ചിലർ ഇയാളോടു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ബസിറങ്ങി തെരുവിലൂടെ നടക്കുമ്പോൾ പിന്തുടർന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. ഇതേപ്പറ്റി കാര്യമായ ഓർമകൾ ഇല്ലാത്ത യുവാവിന് പിറ്റേന്നു ആശുപത്രി കിടക്കയിൽവച്ചാണു ബോധം തിരിച്ചുകിട്ടിയത്. യുവാവിന് നേരെയുണ്ടായത് കടുത്ത വംശീയ ആക്രമണമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നേരത്തെ ക്രൂസ് കപ്പലുകളിൽ ജോലി ചെയ്തിരുന്ന യുവാവ്, തിരുവനന്തപുരത്തെ ഏജൻസി വഴി മാർച്ച് 23നാണ് ലണ്ടനിലെത്തിയത്. എന്നാൽ വീസ അസാധുവാണെന്നു വിമാനത്താവളത്തിൽ അധികൃതർ കണ്ടെത്തിയിരുന്നു. ഏജന്റുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനാൽ ലണ്ടനിലെ ഇന്ത്യൻ കുടുംബങ്ങളുടെ സഹായത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. സീമെന്‍ വീസ അഥവാ മീന്‍പിടിത്ത തൊഴിലാളി വീസ എന്ന പേരിലുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങളാണു മലയാളികളിൽനിന്ന് ഏജൻസികൾ തട്ടിക്കുന്നതെന്നും സ്റ്റുഡന്റ് വിസയിലും മറ്റും വരുന്ന മലയാളികൾ മുൻകരുതലുകൾ എടുക്കേണ്ടതിൻെറയും ആവശ്യകതയിലേയ്ക്കുമാണ് സംഭവം വിരൽ ചൂണ്ടുന്നത് .
Leave a Reply