മെയ്ഡ്സ്റ്റോൺ: കഴിഞ്ഞ ഡിസംബർ 29 -ന് വിട പറഞ്ഞ മോഹൻദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികൾ ബുധനാഴ്ച യാത്രാമൊഴി നൽകും. എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെയാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്സ്റ്റോൺ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവർത്തനമണ്ഡലത്തിൽ വച്ച് തന്നെയാണ് വിടപറയൽ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദർശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചനയോഗത്തിൽ സംബന്ധിച്ച് സംസാരിക്കും.
കഴിഞ്ഞ ഡിസംബർ 29 ന് രാവിലെ മെയ്ഡ്സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹൻദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ശവസംസ്‌കാരം നാട്ടിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് മൃതദേഹം കൈമാറുകയും നാട്ടിലേക്ക് ബോഡി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. മറ്റു തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ വ്യാഴാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ പതിനഞ്ചു വർഷക്കാലം തങ്ങളോടൊപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ അതീവദുഃഖിതരാണ് മെയ്ഡ്സ്റ്റോണിലെ മലയാളികൾ. ദാസേട്ടന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി സജീവ പ്രവർത്തനങ്ങളുമായി ഇവർ മുൻപന്തിയിൽ തന്നെ ഉണ്ട്. നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും അവസാനമായി അന്തിമോപചാരം അർപ്പിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുവാൻ പ്രതിജ്ഞാബദ്ധരായി കെന്റിലെ മലയാളി സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.
പൊതുദർശനം നടക്കുന്ന ഹാളിന്റെ അഡ്രസ്: Ditton Community Centre, Ditton, Aylesford, Kent ME20 6AH
Leave a Reply