സോണി കെ. ജോസഫ്

മലയാളക്കരയെ ഞെട്ടിക്കാന്‍ ഇതാ ഒരു മലയാളി! കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനങ്ങളുടെ രചനയും സംവിധാനവും ആലാപനവുമൊക്കെയായി ഒരു മലയാളി ആസ്ട്രേലിയയില്‍ താരമാവുകയാണ്. ചരിത്രം ഉറങ്ങുന്ന മണ്ണില്‍ നിന്നും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കടന്നുവരുന്ന ഈ വ്യക്തിയാണ് ആസ്ട്രേലിയലിലെ മെല്‍ബണ്‍ നിവാസിയും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയുമായ ശിവകുമാര്‍ വലിയപറമ്പത്ത്. പ്രവാസിയായി ജീവിക്കുമ്പോഴും സംഗീതത്തെയും നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന കണ്ണന്റെ പ്രിയ ഭക്തനായ ശിവകുമാര്‍ വലിയപറമ്പത്ത് സംഗീതത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍ ആവിഷ്‌ക്കരിച്ച ‘കണ്ണാ നീയെവിടെ’ എന്നാ ഭക്തിഗാന ആല്‍ബമാണ് ഇപ്പോള്‍ ആസ്ടേലിയയിലെ വിദേശമലയാളികളുടെ ഇടയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ അശരണര്‍ക്കും നിരാലംബര്‍ക്കും ആശ്രയമായി മാറാറുള്ള ശിവകുമാര്‍ തന്റെ ഇഷ്ടദേവനായ കണ്ണന് വേണ്ടി എഴുതിയ പത്ത് ഗാനശകലങ്ങള്‍ അടങ്ങുന്ന ഈ ആല്‍ബത്തില്‍ ഓരോ ജീവിതത്തിന്റെയും കണ്ണീരിന്റെ കഥ പറയുന്നു.

പ്രിയ കൂട്ടുകാരന്റെ കഥയില്‍ തുടങ്ങി നിരാശ്രയയായ ഒരമ്മയുടെ കദന കഥയില്‍ കൂടി ഈ ഗാനങ്ങള്‍ കടന്നു പോകുന്നു. ഓരോ ഗാനവും ഓരോ ജീവിത കഥയാണ്. താളം തെറ്റിയ മനസ്സുകളുടെയും അതേപോലെ സന്താന സൗഭാഗ്യത്തിനു കരഞ്ഞപേക്ഷിച്ചിട്ടും കണ്ണ് തുറക്കാത്ത കൃഷ്ണനോട് തന്റെ പിത്യവാത്സല്യത്തിന്റെ നൊമ്പരങ്ങളെ നെഞ്ചിലേറ്റി കണ്ണനോട് അപേക്ഷിക്കുന്ന കവി ഭാവനയാണ് കണ്ണാ നീയെവിടെ എന്ന പേരിനാധാരം. ഇതിലെ ഗാനങ്ങളുടെ രചനയും സംവിധാനവും ശിവകുമാര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. പ്രശസ്ത ഗായികമാരായ സുജാതമോഹന്റെയും ഗായത്രിയുടെയും സ്വരമാധുര്യം ഭക്തിയുടെ നിര്‍വൃതിയില്‍ നമ്മെ ആഴ്ത്തുന്നു. കൂടാതെ സംഗീത സംവിധാന നിര്‍വ്വഹിച്ചിരിക്കുന്ന ശിവകുമാര്‍ ഇതില്‍ പാടുന്നു എന്നതാണ് ഒരു വലിയ പ്രത്യേകത.

 

ശിവകുമാറിനൊപ്പം ഗായിക ഹൈമയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആരും കാണാത്ത ചില ജീവിതങ്ങള്‍, അവരുടെ കഥ, മക്കളാല്‍ ഉപേക്ഷിക്കപെട്ട അമ്മ, കണ്ണനെ പ്രണയിച്ച കവയത്രി മീരാഭായ്, അക്രൂരനു കണ്ണന് നല്കിയ വരദാനം, അണി വാകച്ചാര്‍ത്ത്, ഗുരുവായുരപ്പ ദര്‍ശനം നിഷിദ്ധമാക്കപെട്ട ഗാനഗന്ധര്‍വ്വന്റെ മനോവ്യഥ, പൂന്താനത്തിന്റെ കൃഷ്ണ ഭക്തി, വിഷു നാളില്‍ കണ്ണന്റെ അലങ്കാരം, ഇവയെല്ലാം ഗാനങ്ങള്‍ രചിക്കാന്‍ തനിക്കു പ്രേരണ നല്‍കിയ ഘടകങ്ങള്‍ ആണെന്ന് ശിവകുമാര്‍ വലിയപറമ്പത്ത് പറഞ്ഞു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചരിത്ര പുരാണ സിനിമയായ പോക്കര്‍ മൂപ്പറില്‍ സൂര്യകിരണങ്ങള്‍ എന്ന് തുടങ്ങുന്ന തന്റെ ഗാനം ജിവിതത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കണ്ണാ നീയെവിടെ ‘ എന്ന ഭക്തിഗാന ആല്‍ബം കാണാം.