യുകെയില്‍ ലണ്ടന്‍ ഹാരോ ഓണ്‍ ദി ഹില്ലില്‍ താമസിക്കുന്ന ജോയല്‍ മാണി ജോര്‍ജ് ഡിസംബര്‍ 15 ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള്‍ട്രാ വൈറ്റ് കോളര്‍ ബോക്സിങ്ങില്‍ പങ്കെടുത്ത് ശ്രദ്ധേയനായി. ലണ്ടന്‍ ട്രോക്സിയില്‍ ബ്രിട്ടീഷ്കാരനായ എതിരാളിയെ സമനിലയില്‍ തളച്ചാണ് ജോയല്‍ തന്റെ ബോക്സിങ് കഴിവ് തെളിയിച്ചത്. യുകെയില്‍ ബോക്സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടന്‍ നിവാസി ‘ജോയല്‍ ദി യോദ്ധ ജോര്‍ജ് ‘ എന്ന ടൈറ്റിലിലാണ് മത്സരിക്കാനിറങ്ങിയത്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയല്‍ ജയത്തോടടുത്തതായിരുന്നു.
എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ എതിരാളിയായ പോള്‍ റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്. ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാന്‍ നേരത്തെ തന്നെ ഗാലറിയില്‍ എത്തിയിരുന്നു. ലണ്ടനില്‍ 2 മാസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു തനിക്കേറെ താല്പര്യമുള്ള ബോക്സിങ്ങില്‍ മത്സരിക്കാനായി ജോയല്‍ എത്തിയത്. തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്മെന്റ് പൂര്‍ത്തിയാക്കാനായതില്‍ വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയൂടെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള ബോക്സിങ് പ്രോഗ്രാമില്‍ പങ്കെടുത്തത് ഒരു വ്യത്യസ്തതയ്ക്കും ബോക്സിങ്ങില്‍ ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയല്‍ പറയുകയുണ്ടായി.
ഭാര്യയോടും 2 മക്കളോടും ഒപ്പം ലണ്ടനില്‍ താമസിക്കുന്ന ജോയല്‍ കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്. മോനിപ്പള്ളി സംഗമം യുകെയോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയല്‍ എല്ലാവരെയും ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുകെയില്‍ ആദ്യമായി ബോക്സിങ് റിങ്ങില്‍ പോരാട്ടത്തിനിറങ്ങിയ മലയാളി എന്നനിലയില്‍ ശക്തമായ പ്രകടനം കാഴ്ചവക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയില്‍ എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.
Leave a Reply