അബുദാബി- ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ മൂലധനം കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും വിശ്വാസ്യതയുമാണ്. മലയാളികള്‍ വിശ്വസ്തരും സത്യസന്ധരുമാണെന്ന് അറബികള്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ലക്ഷക്കണക്കിന് റിയാലിന്റെ ബിസിനസുകളില്‍പോലും അവരെ പങ്കാളികളാക്കാന്‍ അറബികളെ പ്രേരിപ്പിക്കുന്നത്. ഇതിന് ഇടിവു തട്ടിയാല്‍ തകരുന്നത് ഗള്‍ഫ് എന്ന അഭയകേന്ദ്രമായിരിക്കും.
യു.എ.ഇ പൗരനായ ജമാല്‍ സാലിം ഹുസൈന്‍ എന്ന 43 കാരന്റെ അനുഭവം ഗള്‍ഫിലെങ്ങുമുള്ള മലയാളികളെ ബാധിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം, എന്നാല്‍ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. ജമാലിന്റെ ജീവിതം പോലും താളംതെറ്റുന്ന തരത്തില്‍ അയാളെ മൂടോടെ കൊള്ളയടിച്ചു മുങ്ങിയ മലയാളിയായ ജാവേസ് മാത്യു(36) വിനെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടത് ഓരോ മലയാളിയുടേയും ബാധ്യത കൂടിയായിരിക്കുന്നു.
55 ലക്ഷം ദിര്‍ഹമാണ് തൃശൂര്‍ പീച്ചി സ്വദേശിയായ ജാവേസും ഭാര്യ ശില്‍പയും കൂടി ജമാലില്‍നിന്നും ഭാര്യയില്‍നിന്നുമായി തട്ടിയെടുത്തത്. ഏകദേശം 10 കോടി രൂപ.
ജമാലില്‍നിന്ന് തട്ടിയെടുത്ത പണവുമായി ബിസിനസ് തുടങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി ജമാല്‍ പറഞ്ഞു. ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യു.എ.ഇയില്‍ പണം കവര്‍ച്ചയടക്കം 16 കേസുകള്‍ ജാവേസിന്റെ പേരിലുണ്ട്. ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ കേരളത്തിലെ പോലീസും സര്‍ക്കാരും ഇടപെടാതെ ഇയാളെ പിടികൂടാനാവില്ലെന്ന് ജമാല്‍ പറയുന്നു.
ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലാണ്. 2015 ല്‍ അബുദാബിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാളി സുഹൃത്തായ രാകേഷാണ് ജാവേസിനെ ജമാല്‍ സാലിമിന് പരിചയപ്പെടുത്തുന്നത്. ചെക്ക് കേസില്‍പ്പെട്ടിരുന്ന ജാവേസിനെ രക്ഷപ്പെടുത്താന്‍ ജമാല്‍ സഹായിച്ചതോടെ ഇരുവരും സൗഹൃദത്തിലായി. ബിസിനസ് തുടങ്ങാമെന്ന് മോഹിപ്പിച്ചാണ് ജമാലിനെ ജാവേസ് കുരുക്കിയത്. ജാവേസിനെ വിശ്വസിച്ച ജമാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ദുബായ് ഖിസൈസില്‍ ഐഡിയസ് എന്ന പേരില്‍ പ്രിന്റിംഗ് കമ്പനി ആരംഭിച്ചു.
ആദ്യകാലത്ത് വലിയ വിശ്വസ്തത നടിച്ച ജാവേസ്, ജമാലിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ബിസിനസ് നന്നായതോടെ കൂടുതല്‍ വികസിപ്പിക്കാനായി നൂതന സാമഗ്രികള്‍ വാങ്ങണമെന്ന് പറഞ്ഞ് വന്‍ തുക വാങ്ങി. ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു. ആകെ 55 ലക്ഷം ദിര്‍ഹമാണ് ഇരുവരും നല്‍കിയത്. 2017 ല്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയ ജാവേസും ശില്‍പയും തിരിച്ചുവന്നില്ല. സംശയം തോന്നിയ ജമാല്‍, ജാവേസിന്റെ യാത്രാ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അയാള്‍ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്. യഥാര്‍ഥ പാസ്‌പോര്‍ട് ദുബായ് കോടതിയിലിരിക്കെ ദുരൈ സ്വാമി ധര്‍മലിംഗം എന്ന പേരില്‍ തമിഴ് നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയതെന്നും മനസിലായി.
ജാവേസിനെ അന്വേഷിച്ച് തൃശൂരെത്തിയ ജമാല്‍ ഇയാളെ കണ്ടെത്തി. അലിവുള്ള ഹൃദയത്തിനുടമായ ജമാലിന്റെ കാലുപിടിച്ചും മാപ്പു പറഞ്ഞും ഉടന്‍ പണം മടക്കിത്തരാമെന്ന് പറഞ്ഞ് മുങ്ങിയ ജാവേസിനെ പിന്നീട് ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ജാവേസിനെ ഫോണിലൂടെപോലും ബന്ധപ്പെടാനാകുന്നില്ല. തിരുവനന്തപുരത്ത് പോലീസ് അധകൃതരെ കണ്ടിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയാറായില്ലെന്ന് ജമാല്‍ പരാതിപ്പെട്ടു. ഇന്റര്‍പോളില്‍ പരാതി നല്‍കിയെങ്കിലും കേസ് മുന്നോട്ടുപോയിട്ടില്ല. 33 പേര്‍ ജോലി ചെയ്യുന്ന കമ്പനി നടത്തിക്കൊണ്ടു പോകാനാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ജമാല്‍ ദാരിദ്ര്യത്തിലായിരിക്കുകയാണ്. മൂത്ത മകന്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മറ്റൊരു ജോലി കണ്ടെത്താന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ജമാല്‍ പറയുന്നു. ജാവേസിനെ കണ്ടെത്തി തന്റെ പണം ഈടാക്കാന്‍ മലയാളികളും കേരള സര്‍ക്കാരും സഹായിക്കുമെന്നാണ് ജമാലിന്റെ പ്രതീക്ഷ.
Leave a Reply