ഉച്ചക്ക് 12.30 മുതൽ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. MCH പോഷകസംഘടനയായ അയൽക്കൂട്ടം വനിതകൾ ഒരുക്കിയ അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, നാലുമണി ചായ, ചെറുകടികൾ എന്നിവയാൽ പകൽപ്പൂരം ഒരുക്കപ്പെട്ടപ്പോൾ സന്ധ്യയോടെ ആഘോഷങ്ങൾ ഒരു പടികൂടി കടന്ന് ഇതുവരെ ഹോർഷം മലയാളികൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തലത്തിലേക്ക് ഉയർത്തപ്പെട്ടു. രാജ്ഞിയുടെ വിയോഗത്തിലുള്ള അസോസിയേഷൻ അംഗങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത് ഒരു മിനിറ്റ് മൗനം അവലംബിച്ചായിരുന്നു. അകാലത്തിൽ പൊലിഞ്ഞ അസോസിയേഷൻ അംഗമായിരുന്ന ബിജി ജോർജിനെയും MCH അനുസ്മരിച്ചു. ട്രഷറർ ജോമോൻ വർഗീസ് സ്വാഗതമോതിയ സമ്മേളനത്തിൽ ഫാ . ആരോൺ സ്പിനെല്ലിമുഖ്യതിഥി ആയെത്തി കേക്ക് മുറിച്ച് സന്തോഷം പങ്ക് വച്ചു. തദവസരത്തിൽ അസോസിയേഷൻ്റെ കലാപരമായ പ്രവർത്തനങ്ങളിൽ സുത്യർഹമായ സേവനങ്ങൾ സംഭാവന നൽകിയ ജോൺസൺ ജോൺ , ബിൻസി ബെൻസ്, ശോഭിക എന്നിവരെ ആദരിച്ചു. നാട്ടിൽനിന്നും എത്തിയ മാതാപിതാക്കളും, മാവേലിയും ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉത്ഘാടനം ചെയ്തു.

തന്നെക്കാൾ ചെറുതായ എല്ലാവരെയും ഒപ്പം ചേർത്ത് പിടിക്കണമെന്ന ഉദാത്തമായ സന്ദേശം അംഗങ്ങൾക്കായി പങ്ക് വച്ചു കൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ആന്റണി തേക്കേപറമ്പിൽ അധ്യക്ഷപ്രസംഗം നടത്തി. തിരുവാതിര, ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സോങ്‌സ് തുടങ്ങി നിരവധി പരിപാടികൾ പത്തര മാറ്റിൽ MCH എന്ന പരിപാടിയെ മികവുറ്റതാക്കി. കഴിഞ്ഞ 10 വർഷക്കാലത്തെ MCH വേദികളിൽ അവതരിപ്പിച്ച നിരവധിയായ കലാപരിപാടികൾ 3 മിനിറ്റിൽ അവതരിപ്പിച്ച വീഡിയോയും, അതുപോലെ തന്നെ പഴയകാല ചിത്രങ്ങളും എൽഇഡി വോളിൽ എത്തിയപ്പോൾ അംഗങ്ങൾ ഓർമ്മകളുടെ ചിറകിലേറി പിറകിലേക്ക് പാഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെ കുടുംബ ചിത്രം പ്രദർശിപ്പിച്ചത് ഒരു വേറിട്ട അനുഭവമായി.

ഒരു സ്റ്റേജ്ഷോയെ വെല്ലുന്ന രീതിയിൽ അവതരിപ്പിച്ച ഈ കലാസാംസ്കാരിക സന്ധ്യക്ക് നേതൃത്വം നൽകിയത് പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ പുത്തൻപുരക്കൽ ആയിരുന്നു. ആശംസാ പ്രസംഗങ്ങളുമായി പഴയകാല ഓർമ്മകൾ അയവിറക്കി അസോസിയേഷൻ അംഗമായ മനു മത്തായിയും, പ്രൈം സ്പോൺസർ ആയ ജിജോ ജോസഫും എത്തി. ഈ ആഘോഷം മഹാവിജയം ആക്കിത്തീർത്ത ഓരോരുത്തർക്കും പ്രത്യേകം നന്ദി പറഞ്ഞു അസോസിയേഷൻ സെക്രട്ടറി ആൻസൺ മാത്യു. വിഭവ സമൃദ്ധമായ ഡിന്നറിലും തുടർന്ന് നടക്കപ്പെട്ട ഡിജെയിലും എല്ലാ അംഗങ്ങളും പങ്കെടുത്തു. 11.15 ന് ദേശീയ ഗാനത്തോടെ വർണാഭമായ ആഘോഷങ്ങൾ അവസാനിച്ചു.