ധനപാലന്റെയും ജലജയുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു വീട്. ഒടുവില്‍ ആഗ്രഹം സാക്ഷാത്കരിച്ചിട്ടും കൊതിതീരുവോളം അവിടെ താമസിക്കാന്‍ ഇരുവര്‍ക്കുമായില്ല. അതിനിടെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. പുതുതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ താമസിക്കാനായി വീണ്ടും യാത്ര തിരിക്കുമ്പോള്‍ അത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് ധനപാലനും ഭാര്യയും കരുതിയിട്ടുണ്ടാകില്ല.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം വെളിയം ആരൂര്‍ക്കോണം ‘അശ്വതി’യില്‍ ധനപാലനും(59), ഭാര്യ ജലജ ധനപാലനും(48) മരിച്ചത്. നാട്ടിലെ എന്ത് ആവശ്യത്തിനും താങ്ങായും തണലായും ഉണ്ടായിരുന്ന ധനപാലന്‍ വിശാഖപട്ടണം മലയാളി അസോസിയേഷന്‍ പ്രസിഡന്റു കൂടിയായിരുന്നു.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ആന്ധ്ര പ്രസിഡന്റ് ആയിരുന്നു സ്വകാര്യ കമ്പനി ഉടമയായ ധനപാലന്‍. ലോക കേരള സഭയിലും അംഗമായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു കുടുംബസമേതമായി താമസിച്ചുവന്ന ധനപാലന്‍, നാട്ടില്‍ പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ നില്‍ക്കാനായാണ് കഴിഞ്ഞ ദിവസം വന്നത്.
മകളുടെ പരീക്ഷ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം, ധനപാലനും കുടുംബവും നാട്ടിലേക്ക് തിരിച്ചത്. പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുദിവസം താമസിച്ചു മടങ്ങി പോകുകയായിരുന്നു ഉദ്ദേശം. വിശാഖപട്ടണത്തു സ്ഥിരതാമസമാക്കിയ മറ്റു രണ്ടു മലയാളി കുടുംബങ്ങള്‍ക്കൊപ്പം രണ്ടു വാഹനങ്ങളിലായാണ് ഇവര്‍ വന്നത്.
ധനപാലനും ജലജയും സഞ്ചരിച്ചിരുന്ന കാര്‍, മധുരയ്ക്ക് അടുത്തുവെച്ച് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്നിലും പിന്നിലുമായി ഒരുവശത്ത് ഇരുന്ന ധനപാലനും ഭാര്യയും തല്‍ക്ഷണം മരണപ്പെട്ടു. ഇവരുടെ മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി അശ്വതിയും പത്താം ക്ലാസ് വിദ്യാര്‍ഥി അനുഷും ഡ്രൈവറും അപകടത്തില്‍ അത്ഭുതകരമായി രക്ഷപെട്ടു.
ആന്ധ്രാ സര്‍ക്കാരിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വ്യാഴാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ ഇരുവരുടെയും മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. കഴിഞ്ഞ പ്രളയകാലത്തും, പിന്നീട് കോവിഡ് മഹാമാരി ആദ്യമായി പടര്‍ന്നു പിടിച്ചപ്പോഴും നാടിന് സഹായവുമായി ധനപാലന്‍ രംഗത്തുവന്നിരുന്നു.
Leave a Reply