സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും വന്നവര്‍ക്കാണ് രോഗം. ഇവര്‍ തൃശൂരിലും കണ്ണൂരിലും ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുനിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി.പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ സഞ്ചാരപാത പുറത്തുവിട്ടു. പത്തനംതിട്ട, കോട്ടയം കൊല്ലം ജില്ലകളിലായി പതിനാലിടങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. പരമാവധി ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകള്‍ക്കും മരുമകനുമാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മാതാപിതാക്കളെയും സഹോദരനെയും വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഇവരാണ്. 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന എട്ടാം തീയതി വരെ മൂന്ന് ജില്ലകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പത്തനംതിട്ടയിലും കൊല്ലത്തും റാന്നിയിലെ ബന്ധുക്കളോടൊപ്പമാണ് ഇവര്‍ എത്തിയത്.

കോട്ടയം ജില്ലയില്‍ ഒന്‍പതിടങ്ങളിലാണ് രോഗബാധിതര്‍ എത്തിയത്. മാര്‍ച്ച് ഒന്നിന് ചെങ്ങളത്തെ പെട്രോള്‍ പമ്പിലാണ് ആദ്യം എത്തിയത്. മൂന്നാം തീയതി തിരുവാതുക്കലിലെ ക്ലിനിക്കിലെത്തി ‍ഡോക്ടറെ കണ്ടു. നാലിന് ചിങ്ങവനത്തെ വര്‍ക്ഷോപ്പിലെത്തിയ ശേഷം കോടിമതയിലെ കടയിലുമെത്തി. ഇവരുടെ കാറിലായിരുന്നു ഈ ദിവസങ്ങളിലെ യാത്ര. പിന്നീട് റാന്നിയില്‍ പോയ ഇവര്‍ അഞ്ചാം തീയതി കോട്ടയത്ത് മടങ്ങിയെത്തി. രാത്രി സിഎംഎസ് കോളജിന് സമീപത്തെ ബേക്കറിയിലെത്തിയ ഇരുവരും തൊട്ടടുത്ത ദിവസം തിരുവാതുക്കലെത്തി വീണ്ടും ഡോക്ടറെ കണ്ടു. ഏഴാം തീയതി സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇല്ലിക്കലിലും ചെങ്ങളത്തെ തട്ടുകടയിലുമെത്തി.

ക്ലിനിക്കിലെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും ഇതിനോടകം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലുണ്ട്. വിട്ടുപോയവരെ കണ്ടെത്താനാണ് സഞ്ചാരപാത പുറത്തിറക്കിയത്. കോട്ടയതെത്തിയ റാന്നി സ്വദേശികളുടെ യാത്രാ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് കൂട്ടരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു.