ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ച മലയാളി ദമ്പതികൾ നിക്ഷേപ തട്ടിപ്പ് നടത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു. A& A ചിട്ടി ഫണ്ട് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ടോമി എ വി യും ഷൈനി ടോമിയും ആണ് വൻ സാമ്പത്തിക ക്രമക്കേട് നടത്തിയത് . ആലപ്പുഴ സ്വദേശികളായ ഇവർ ജൂലൈ 3 മുതൽ ഒളിവിൽ പോയതായാണ് അറിയാൻ സാധിച്ചത്.
ചിട്ടി നടത്തിയും നിക്ഷേപം സ്വീകരിച്ചുമാണ് സാമ്പത്തിക സ്ഥാപനമായ A& A ചിട്ടി ഫണ്ട് പ്രവർത്തിച്ചിരുന്നത് . ആദ്യകാലങ്ങളിൽ പരാതികൾക്ക് ഇടം നൽകാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അതുകൊണ്ട് തന്നെ വിശ്വാസം ആർജിച്ചിരുന്നു. കൂടുതലായി ബാംഗ്ലൂരിൽ ഉള്ള മലയാളികളാണ് ഇവരുടെ കെണിയിൽ പെട്ടിരിക്കുന്നത്. തട്ടിപ്പിനിരയായ 80 ഓളം ആളുകളുടെ പേര് വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചിരുന്നു. ഇവരിൽ 90 ശതമാനം പേരും മലയാളികളാണ്.
കണ്ണൂർ സ്വദേശി ബിജു കൊട്ടാരത്തിലിന് 25 ലക്ഷം രൂപയാണ് നഷ്ടമായത്. ഇത് ഒരു ചെറിയ തുകയാണെന്നും ഒന്നു രണ്ടു കോടി രൂപ നഷ്ടമായവരാണ് ഭൂരിപക്ഷവുമെന്നാണ് ബിജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. തട്ടിപ്പ് ആസൂത്രിതമായാണ് നടന്നതെന്നാണ് സൂചന. ടോമി- ഷൈനി ദമ്പതികളുടെ ഇന്ത്യയിലുള്ള രണ്ടു മക്കൾ ഒളിവിലാണ്. ഇവരുടെ ഒരു മകൻ നിലവിൽ കാനഡയിലാണ്. തട്ടിപ്പ് നടത്തിയ ദമ്പതികളും മക്കളും രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. A & A ചിട്ടി ഫണ്ടിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നോ എന്നതിലേയ്ക്ക് പോലീസ് അന്വേഷണം നടക്കുന്നുണ്ട് .
പണം തട്ടിപ്പിനിരയായ പി.ടി സാവിയോ (64) നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ആദ്യഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തനിക്കും കുടുംബത്തിനും 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് സാവിയോ പരാതി നൽകിയത്. 2005 മുതൽ മലയാളി ദമ്പതികൾ ചിട്ടി നടത്തി വരികയായിരുന്നു. 25 ശതമാനം വരുമാനം ലഭിക്കും എന്ന വാഗ്ദാനങ്ങളിൽ ആണ് നൂറുകണക്കിന് ഉപഭോക്താക്കൾ വഞ്ചിതരായത്.
Leave a Reply