ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽനിന്ന് അവധിക്കാലം ചിലവഴിക്കാൻ സ്പെയിനിൽ പോയി തിരിച്ചെത്തിയ എഴുപതിനായിരത്തിലധികം യാത്രക്കാരിൽ 2065 പേർ തിരിച്ചെത്തിയത് കോവിഡ് പോസിറ്റീവ് ആയി ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം മൂന്ന് ശതമാനം പേർക്കും കോവിഡ് പോസിറ്റീവ് ആയത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ജൂണിൽ ഇത് 0.9 ശതമാനം മാത്രമായിരുന്നു . അടുത്ത ആഴ്ച ഗവൺമെൻറിൻറെ ഭാഗത്തുനിന്നും ഉണ്ടാകാനിരിക്കുന്ന പുതിയ യാത്ര നയ രൂപീകരണത്തിനെ ഈ കണക്കുകൾ സ്വാധീനിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത് . നിലവിലെ നയമനുസരിച്ച് സ്പെയിനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ആർക്കും രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ എടുക്കണ്ട.

ഇന്നലെ തുടർച്ചയായ രണ്ടാം ദിനം കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് വർദ്ധനവ് രേഖപ്പെടുത്തി. പുതിയതായി 31,117 കേസുകളും 85 മരണങ്ങളാണ് രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ബുധനാഴ്ച 27 734 കോവിഡ് കേസുകളും 91 മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായി ഏഴ് ദിവസവും രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.