ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസി മലയാളി സമൂഹം. മലയാളികളായ ദമ്പതികളെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കാട്ടുതീ പോലെയാണ് മലയാളി സമൂഹത്തിൽ പരന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും പരസ്പരം കുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫ്ലാറ്റിലെ കാവൽക്കാരൻ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ഇരുവരുടെയും കൈയ്യിൽ കത്തിയുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഓസ്‌ട്രേലിയയിലേയ്ക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇതിൻറെ ഭാഗമായി ഇവർ മക്കളെ നാട്ടിലയച്ചിരുന്നു. സൂരജിന്റെയും ബിൻസിയുടെയും പരിചയക്കാരായ ഒട്ടേറെ പേർ യുകെയിൽ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും ദാരുണാന്ത്യം കാട്ടുതീ പോലെയാണ് യുകെയിലെ മലയാളി സമൂഹത്തിൻറെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്
Leave a Reply