ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെ മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി. മിസ്സിസ് ഏഷ്യ ജിബി 2023 മത്സരത്തിൽ വിജയിയായി മലയാളി ഡോക്ടർ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയായ ഡോ. റ്റിസാ ജോസഫാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. 15 വർഷമായി യുകെയിൽ താമസിച്ചുവരുന്ന റ്റിസാ ജനറൽ പ്രാക്ടിഷനറാണ് . ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന റ്റിസയൂടെ ഭർത്താവ് ഡോ കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. പത്ത് വയസ്സുകാരിയായ മകൾ റിയ എലിസബത്ത് ഉമ്മൻ പ്രൈമറി 5 -ൽ ആണ് പഠിക്കുന്നത്. തൊടുപുഴ സ്വദേശികളായ ഡോ. എൻ കെ ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് റ്റിസാ ജോസഫ്.

ഫാഷൻ മേഖലയോട് നേരത്തെ തന്നെ താല്പര്യം ഉണ്ടായിരുന്ന ടിസ, കോളേജ് പഠനകാലത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. മോഡലിംഗാണ് ഇഷ്ടമുള്ള മേഖലയെന്ന് റ്റിസാ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ‘സ്ത്രീകൾക്ക് മുന്നോട്ട് കടന്നു വരുവാൻ കൂടുതൽ അവസരങ്ങളും, സാധ്യതകളും ഇന്ന് ഉണ്ട്. അത് കൃത്യമായി ഉപയോഗിക്കുവാനും, അതിലൂടെ മുന്നോട്ട് വരാൻ ശ്രമിക്കുകയുമാണ് ഞാൻ ചെയ്തത്’- റ്റിസാ കൂട്ടിച്ചേർത്തു. ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്നും മോഡലിംഗ്/ ഫാഷൻ രംഗത്ത് ലഭിക്കുന്ന വിലയേറിയ ബഹുമതികളിൽ ഒന്നാണ് ഏഷ്യ ജിബി മത്സരം.

ബ്രിട്ടനിൽ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ബ്രിട്ടന് പുറത്ത് സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ലഭിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് മിസ്സിസ് ഏഷ്യ ജിബി . യുണൈറ്റഡ് കിംഗ്ഡവും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മോഡലിംഗിനോടൊപ്പം, തൊഴിൽ പരമായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുമായി സംസാരിക്കുന്നതിനും അവരുടെ വിഷയങ്ങൾ പഠിക്കുവാനും ഡോ .റ്റിസാ ജോസഫ് ശ്രദ്ധിക്കാറുണ്ട്. സാമൂഹിക പ്രതിബദ്ധത എന്ന പോലെ തന്നെ ലഭിക്കുന്ന ഇത്തരം പ്ലാറ്റ് ഫോമുകളിലൂടെ ബോധവൽക്കരണം നടത്താനും ശ്രമിക്കുന്നു. മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും മുൻപന്തിയിൽ ഡോ . റ്റിസയുണ്ട്.

‘ജോലിക്കും മറ്റ് ഉത്തരവാദിത്തങ്ങൾക്കും ഒപ്പം തന്നെയാണ് മോഡലിങ്ങും മുന്നോട്ട് കൊണ്ടു പോകുന്നത്. ധാരാളം പ്രതിസന്ധികളെയും , പ്രശ്നങ്ങളെയും തരണം ചെയ്തതിലൂടെ ഇന്ന് ഇവിടെ നിൽക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ആഴ്ചയിൽ പരിശീലനത്തിനായി വിവിധ ഇടങ്ങളിൽ പോയിരുന്നു. കഠിനാധ്വാനം, താല്പര്യം, സമർപ്പണം എന്നീ മൂന്ന് കാര്യങ്ങളാണ് ഈ വിജയത്തിലേക്ക് എത്തിച്ചത്’ റ്റിസാ പറഞ്ഞു. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുകെ മലയാളി ഡോക്ടർ.