സ്വന്തം ലേഖകന്‍
സ്വിന്‍ഡൻ : സാമൂഹിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ മലയാളിക്ക്. 2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫനാണ് ബിഇഎം ലഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും യു.കെയില്‍ വ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം നല്‍കപ്പെടുന്നത്. ജൂണ്‍ 17-ാം തീയതി ലണ്ടന്‍ ഗസറ്റിലും മറ്റ് ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചശേഷം അതാത് കൗണ്ടിയുടെ ലോര്‍ഡ് ലെഫ്റ്റനനിന്റെ ഓഫീസ് ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് കുടുംബസമേതം ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ വര്‍ഷം ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്.
2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫന്‍ വിവിധ സാമൂഹിക സംഘടനകളിലെ നിറസാന്നിധ്യമാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, പിന്നീട് യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളില്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് വിജയകരമായി പ്രവര്‍ത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ നേടുവാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായവ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗണ്‍സിലുകളില്‍ നിന്നും അതുപോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും നേടിയെടുക്കാനുള്ള കഴിവാണ്. ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ച് കാണുവാന്‍ സാധിക്കും.
യുകെയിലെ തിരക്കേറിയ ജീവിതത്തില്‍ ഫുള്‍ടൈം ജോലിയും ചെയ്ത് കുടുംബത്തെയും നോക്കി, മൂന്ന് രജിസ്ട്രേഡ് ചാരിറ്റികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമായത് അത്ഭുതാവഹമാണ്. ഇത് തന്നെയായിരിക്കാം അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്‍കുവാന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. സ്വിന്‍ഡനിലെ ബക്ക്ഹെര്‍സ്റ്റ് കമ്മ്യൂണിറ്റി സെന്‍ഡര്‍, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് പുറമെ യുകെയിലെ സീറോ മലബാര്‍ സഭ കമ്മിറ്റിയിലും, യുക്മയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യു.കെ.കെ.സി.എ യുടെ എല്ലാ യൂണിറ്റുകളിലും ബിഗ് ലോട്ടറി ഫണ്ടിന്റെ സഹായത്തോടെ ഇന്‍സ്പെയര്‍ യു.കെ.കെ.സി.എ എന്ന പേരില്‍ നടത്തിയ അര്‍ദ്ധദിന സാഹിത്യ ശില്‍പശാലകളും സ്വിന്‍ഡനിലെ മലയാളം ലൈബ്രറിയും മുടങ്ങാതെയുള്ള ന്യൂസ് ലെറ്ററുകളുടെ ഏറെ ജനശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്. ഈ അടുത്ത കാലത്ത് അവിവ കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്നാനായ സമരിറ്റന്‍സ് എന്ന സംഘടനയ്ക്ക് വേണ്ടി ‘കുടുംബം സമൂഹത്തിന്റെ ആണിക്കല്ല് എന്ന വിഷയത്തില്‍ യുകെയുടെ പലഭാഗങ്ങളിലും അര്‍ദ്ധദിന സെമിനാറുകള്‍ സംഘടിപ്പിച്ചും നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധനസമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തരം ഇടപഴകി പ്രവര്‍ത്തിക്കൊണ്ടിരിക്കുന്നു.
റോയി സ്റ്റീഫന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് 2015-ല്‍ സ്വിന്‍ഡന്‍ ബോറോ കൗണ്‍സില്‍ പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2015ലെ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലും ഇടം നേടിയിരുന്നു. ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് ലഭിച്ച റോയി സ്റ്റീഫന് മലയാളം യുകെയുടെ അഭിനന്ദനങ്ങള്‍
Leave a Reply