യുകെയിൽ മലയാളികളുടെ വീടുകൾ കവർച്ചയ്ക്ക് ലക്ഷ്യമിടുന്നു. കാരണക്കാർ മലയാളികൾ തന്നെയെന്ന് പോലീസ്. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ കർശന നിർദ്ദേശം.

യുകെയിൽ മലയാളികളുടെ വീടുകൾ കവർച്ചയ്ക്ക് ലക്ഷ്യമിടുന്നു. കാരണക്കാർ മലയാളികൾ തന്നെയെന്ന് പോലീസ്. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ കർശന നിർദ്ദേശം.
August 01 07:31 2019 Print This Article

മലയാളം യുകെ സ്പെഷ്യൽ

യുകെ മലയാളികളുടെ വീടുകളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു. അതിനുള്ള കാരണവും മലയാളികളെന്ന് പോലീസ് ആവർത്തിച്ച് പറയുന്നു. സ്വർണ്ണമാണ് പ്രധാന ലക്ഷ്യം. ലണ്ടനിൽ കഴിഞ്ഞ വർഷം ഇന്ത്യൻ കുടുംബങ്ങളിൽ നിന്നു മാത്രം മോഷണം പോയത് 50 മില്യൻ പൗണ്ടിന്റെ സ്വർണ്ണമെന്ന് മെട്രോപൊളിറ്റൻ പോലീസ്. സ്കൂൾ അവധിക്കാലത്തും ഉത്സവകാലങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സ്കോട്ലാന്റ് യാർഡ്. ‘Robbers target Indians for Gold ‘ ബിബിസിയും റിപ്പോർട്ടു ചെയ്‌തു.

ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത് ലെയ്ക് ഡിസ്ട്രിക്കിലെ കുമ്പ്രിയയിൽ. (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല). വീട്ടിലുള്ളവർ ഹോളിഡേയ്ക്ക് പോയ അവസരത്തിലാണ് സംഭവം നടന്നത്. വീടിന്റെ ഭിത്തികളും വാതിലുകളും ജനലുകളുമൊഴിച്ച് സർവ്വതും കവർന്നെടുത്തു. വീട്ടുടമസ്ഥർ രാജ്യം വിട്ടുപോയതു കൊണ്ട് സ്വർണ്ണം കഷ്ടിച്ച് രക്ഷപെട്ടു. ഇതു പോലെ നിരവധി സംഭവങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ യുകെയിലെ പല പ്രമുഖ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് ഞങ്ങൾ പുറത്തു വിടുന്നത്.

2005ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മോഷണ കേസുകളിൽ തൊണ്ണൂറ് ശതമാനത്തിലധികവും നടന്നിട്ടുള്ളത് സൗത്ത് ഏഷ്യൻ വംശജരിലാണ്. പ്രധാനമായും ഇന്ത്യൻ വംശജരിൽ. 2013 ന് ശേഷം മലയാളി കുടുംബങ്ങളിലേയ്ക്കും മോഷണങ്ങൾ വ്യാപിച്ചു. സുരക്ഷയും ദുരഭിമാനവും ഭയന്ന് പല മലയാളികളും മോഷണങ്ങളുടെ കഥ പുറത്തു പറയാറില്ല. പൊലീസിൽ പരാതിപ്പെടാൻപോലും ധൈര്യം കാണിക്കാത്ത മലയാളികളേയും ഞങ്ങൾ പരിചയപ്പെട്ടു.

സൗത്ത് ഏഷ്യൻ വംശജരുടെ വീടുകളിൽ ധാരാളം സ്വർണ്ണമുണ്ടെന്നാണ് യൂറോപ്പുകാർക്കിടയിൽ പൊതുവേയുള്ള സംസാരം. കവർച്ചക്കാരുടെ ലക്ഷ്യവും സ്വർണ്ണം തന്നെ. എങ്കിൽപ്പിന്നെ എന്തുകൊണ്ട് മറ്റുള്ള ഏഷ്യൻ വംശജരെ ഒഴിവാക്കി കവർച്ചക്കാർ മലയാളികളുടെ വീടുകൾ ലക്ഷ്യമിടുന്നത്?

പൊലീസ് ചൂണ്ടിക്കാണിക്കുന്നതിങ്ങനെ. കവർച്ച ചെയ്യാൻ എളുപ്പം മലയാളികളുടെ വീടാണ്. ഒന്നാമത് അംഗബലം വളരെ കുറവാണ്. കൂടാതെ കവർച്ച ചെയ്യാൻ പാകത്തിനുള്ള വിവരങ്ങൾ മലയാളികളിൽ നിന്ന് അനായാസം കവർച്ചക്കാർക്ക് ലഭിക്കും. പിടിക്കപ്പെട്ട കേസുകളിലെ പ്രതികളുടെ മൊഴികളിൽ നിന്നും കിട്ടിയ വിവരങ്ങളിൽ ചിലതാണിത്. കൂടുതൽ വിവരണം ആവശ്യപ്പെട്ടപ്പോൾ പോലീസ് പറഞ്ഞതിങ്ങനെ.

ഇന്ത്യൻ വംശജർ പൊതുവേ മലയാളികൾ, മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ പാകത്തിനുള്ള ജീവിത രീതിയാണ് തെരഞ്ഞെടുക്കുന്നത്. കളർഫുള്ളായിട്ടുള്ള വസ്ത്രധാരണം, ധാരാളം ആഭരണങ്ങൾ ധരിക്കുക, അതും വസ്ത്രത്തിന് പുറമേയണിയുക. പാർട്ടികളിലും മറ്റും പങ്കെടുക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക. അങ്ങനെ പലതും. പാശ്ചാത്യരായ സുഹൃത്തുക്കൾ ആ ഫോട്ടോയിലോ വീഡിയോയിലോ ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഉത്സാഹം കൂടുതൽ കാണിക്കും. ഈ പ്രവണത വരുത്തിവെയ്ക്കുന്ന ആപത്തിനേക്കുറിച്ച് ഇവർ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. പാശ്ചാത്യരായ സുഹൃത്തുക്കൾക്കുമുണ്ടാകും മലയാളികളേപ്പോലെതന്നെ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് സുഹൃത്തുക്കൾ. ഫലത്തിൽ മലയാളികളറിയാതെ അവരുടെ അടുക്കള രഹസ്യങ്ങൾ കൈമാറിപ്പോകുകയാണ്. ഈ കൈമാറ്റത്തിന്റെ ഏതെങ്കിലും ഒരു സ്റ്റേജിൽ മോഷണത്തിന് വേണ്ടി മലയാളികളെ ലക്ഷ്യമിടുന്നവർ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു.

രണ്ടാമതായി പറയുന്ന പ്രധാന കാരണമിതാണ്. മലയാളികൾ അവരുടെ യാത്രാവിവരണങ്ങൾ, യാത്ര ചെയ്യുന്ന സ്ഥലങ്ങൾ, യാത്രയ്ക്കെടുക്കുന്ന കാലയളവ്, എന്ന് തിരിച്ച് വരും, യാത്ര ചെയ്യുന്നത് വിമാനത്തിലാണോ കാറിലാണോ ട്രെയിനിലാണോ എന്നത് റൂട്ട് മാപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും, കൂട്ടത്തിൽ കുടുംബത്തിലുള്ള എല്ലാവരും ഉൾപ്പെടുന്ന ഫോട്ടോയും. എല്ലാ വിവരങ്ങളും ഒരുമിച്ച് ഫോട്ടോ സഹിതം കിട്ടുന്നതുകൊണ്ട് കവർച്ചക്കാർക്ക് ജോലി കൂടുതൽ എളുപ്പമാകും. ഇതിൽ കൂടുതൽ എന്ത് വിവരങ്ങളാണ് മോഷ്ടാക്കൾക്ക് വേണ്ടത്? അടിയന്തിരമായി ഈ പ്രവണത അവസാനിപ്പിക്കണം എന്ന് പോലീസ് പറയുന്നു. (അടുത്ത കാലത്ത് മലയാളികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ക്രൈം നടത്താൻ സഹായിച്ച പല പോസ്റ്റുകളും മലയാളം യുകെയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വകാര്യതയെ മുൻനിർത്തി ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നില്ല)

റിപ്പോർട്ട് ചെയ്യപ്പെട്ട കവർച്ചകളിൽ ഭൂരിഭാഗവും രാവിലെ ഒമ്പതുമണിക്കും വൈകുന്നേരം നാലു മണിക്കുമിടയിലാണ് നടന്നിട്ടുള്ളത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവരൊഴിച്ചാൽ ഈ സമയത്ത് സാധാരണ മലയാളികളുടെ വീടുകളിൽ ആളുണ്ടാവില്ല. ചുറ്റുപാടും താമസിക്കുന്ന പ്രാദേശികരുടെ വീടുകളിലെ സ്ഥിതിയും വിഭിന്നമല്ല. അത് മോഷ്ടാക്കൾക്ക് കൂടുതൽ തുണയാകുന്നു. മലയാളികളുടെ വീടുകൾ കണ്ടു പിടിക്കുന്ന രീതിയാണ് വിചിത്രം. ആഘോഷ പരിപാടികൾ കഴിഞ്ഞ് മലയാളി കുടുംബങ്ങൾ വീട്ടിലേയ്ക്ക് പോകുമ്പോൾ മോഷ്ടാക്കളും അനുഗമിക്കും. പവർഫുൾ എഞ്ചിൻ ഉള്ള വാഹനങ്ങളാണ് ഇക്കൂട്ടർ തിരഞ്ഞെടുക്കുക. നമ്പർ പ്ലേറ്റും മാറ്റും. ദൂരം ഇവർക്കൊരു പ്രശ്നമല്ല. എത്ര ദൂരം വേണമെങ്കിലും ഇവർ അനുഗമിക്കും. കവർച്ചയ്ക്ക് ലക്ഷ്യം വെയ്ക്കുന്ന വീടുകൾ കണ്ടുപിടിച്ചാൽ ആഴ്ചകളോളം ആ വീട് നിരീക്ഷണത്തിലാക്കും. ഈ കാലയളവിനുള്ളിൽ തന്നെ മോഷ്ടാക്കൾ തങ്ങളുടെ ലക്ഷ്യം നിർവ്വഹിച്ചിരിക്കും.

ഇന്ത്യയെ അപേക്ഷിച്ച് പാക്കിസ്ഥാനികളുടെയും ബംഗ്ലാദേശികളുടെയും വീടുകളിലെ കവർച്ച പൊതുവേ കുറവാണെന്ന് പോലീസ് അഭിപ്രായപ്പെടുന്നു. ഒന്നാമതായി അവർ കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂടാതെ കുടുംബങ്ങളിൽ അംഗബലം കൂടുതലായതു കൊണ്ട് എല്ലാ സമയങ്ങളിലും വീടുകളിൽ ആരെങ്കിലുമൊക്കെയുണ്ടാകും.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 140 മില്യൻ പൗണ്ടിന്റെ സ്വർണ്ണമാണ് ഇന്ത്യൻ കുടുംബങ്ങളിൽ നിന്ന് മാത്രം മോഷണം പോയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ചെയ്തതിൽ ഇരുപത് ശതമാനം കേസുകൾക്ക് മാത്രമേ തുമ്പുണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് പൊലീസ് സമ്മതിക്കുന്നു.

പോലീസ് നിരത്തുന്ന കാരണങ്ങൾ ഇവയാണ്.
മോഷ്ടിക്കപ്പെടുന്ന സ്വർണ്ണങ്ങൾ കഴിയുന്നിടത്തോളം വേഗത്തിൽ നാട് കടത്തുകയാണ് മോഷ്ടാക്കൾ ചെയ്യുന്നത്. പ്രധാനമായും രണ്ട് രീതികളാണ് ഇവർ ഇതിനുപയോഗിക്കുന്നത്. ഒന്നാമത്, മോഷണസാധനങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്ത കവറുകളിലാക്കി കൃത്യമായ സ്റ്റാമ്പ് ഒട്ടിച്ച് റോയൽ മെയിലിന്റെ പോസ്റ്റ്‌ ബോക്സിൽ പോസ്റ്റ് ചെയ്യുക. റോയൽ മെയിലിന്റെ നിലവിലുള്ള സംവിധാനമനുസരിച്ച് കൃത്യമായ സ്റ്റാമ്പ് ഒട്ടിച്ച് ലോക്കൽ പോസ്റ്റ് ബോക്സിൽ നിന്നും കിട്ടുന്ന കവറുകൾ കൃത്യമായി അവർ ലക്ഷ്യസ്ഥാനത്തെത്തിക്കും. സാധാരണ രീതിയിൽ പ്രത്യേക പരിശോധനകൾ ഒന്നുമില്ല. രണ്ടാമത്തേത്. ബ്രിട്ടണിൽ നിന്നും പുറത്തേയ്ക്ക് പോകുന്നവരുടെ കൈയ്യിൽ മോഷ്ടിക്കപ്പെട്ട സാധനങ്ങൾ, സ്വർണ്ണ മടക്കം കൊടുത്തു വിടുക. അതിർത്തി കടക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനപ്പുറം കൊണ്ടുപോകുന്ന ബാഗുകൾ ഒരിക്കലും യുകെ ബോർഡറിൽ ഏജൻസികൾ പരിശോധിക്കാറില്ല. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ ബ്രിട്ടണിൽ നടക്കുന്ന മോഷണങ്ങൾ വ്യക്തമായ രീതിയിൽ തെളിയ്ക്കാൻ സാധിക്കുന്നില്ലെന്ന് ബ്രട്ടീഷ് പോലീസ് പറയുന്നു.

അതി വിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു കൊണ്ടുള്ള മോഷണ രീതിയാണ് ഈ സംഘം ഉപയോഗിക്കുന്നത്. അതു തന്നെയാണ് പോലീസിനെയും വലയ്ക്കുന്നത്. കൂടാതെ കാലാകാലങ്ങളിൽ പോലീസ് നല്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ മലയാളികൾ പിഴവ് വരുത്തുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. വീടിന്റെ വാതിലുകളും ജനലുകളും പൂട്ടാൻ മറന്നു പോയതുകൊണ്ടുണ്ടായ മോഷണങ്ങളും ധാരാളം. അതു കൊണ്ട് ജാഗരൂകരാകുക. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക. പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. അപകടങ്ങളിൽ നിന്ന് ഒഴിവാകുക.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles