ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടന്‍: ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുകെയില്‍ താമസിക്കുന്ന മലയാളി പ്രിന്‍സ് ഫ്രാന്‍സിസിന് 27 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഐല്‍ ഓഫ് വൈറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇയാൾ വര്‍ഷങ്ങളായി മദ്യലഹരിയില്‍ ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി ഉപദ്രവിച്ചിരുന്ന ഇയാള്‍ നാട്ടുകാരുടെ മുന്നിലും പലപ്പോഴും അക്രമം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രിന്‍സ് ഫ്രാന്‍സിസ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാൾ മദ്യപാനത്തിന് ശേഷം വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും, ഭാര്യയെ അടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. നാല് കുട്ടികളുള്ള കുടുംബത്തില്‍ ഇളയ കുഞ്ഞിന്റെ പ്രസവ ശുശ്രൂഷകാലത്ത് പോലും ഭാര്യയെ മര്‍ദ്ദിച്ചതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇയാളുടെ പ്രവൃത്തികള്‍ ഗാർഹിക പീഡനത്തിന്റെ പാരമത്യത്തിലെത്തിയതായി കോടതി പരാമര്‍ശിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രതി കോടതിയോട് അനുമതി തേടിയിരുന്നെങ്കിലും, ശിക്ഷ പൂര്‍ത്തിയാകുന്നത് വരെ ജയിലില്‍ തുടരണം എന്നതാണ് കോടതി നിലപാട്. ഇതോടൊപ്പം യുകെയില്‍ ഗാര്‍ഹിക പീഡനം, ബലാത്സംഗശ്രമം തുടങ്ങിയ കേസുകളില്‍ പത്തിലധികം മലയാളികള്‍ക്കെതിരെ വിചാരണ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.