അപകടമുണ്ടാക്കിയ ലാന്‍ഡ് റോവര്‍ ഫിലിപ്പ് രാജകുമാരന്‍ ഡ്രൈവ് ചെയ്തത് സീറ്റ് ബെല്‍റ്റ് ഇടാതെയെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഫോട്ടോകളാണ് ഇത് വ്യക്തമാക്കുന്നത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നോര്‍ഫോള്‍ക്ക് കോണ്‍സ്റ്റാബുലറി വക്താവ് പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ഇടാത്തതു പോലെയുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ആദ്യം പ്രതികരിക്കുന്നത് ഈ വിധത്തിലായിരിക്കുമെന്നും വക്താവ് അറിയിച്ചു. ഒരു കിയ കാറുമായി കൂട്ടിയിടിച്ച് പ്രിന്‍സ് ഫിലിപ്പ് ഓടിച്ചിരുന്ന ലാന്‍ഡ്‌റോവര്‍ ഫ്രീലാന്‍ഡര്‍ തകിടംമറിഞ്ഞിരുന്നു. വാഹനത്തില്‍ നിന്ന് അദ്ദേഹത്തെ വലിച്ചെടുക്കുകയായിരുന്നു. അപകടത്തില്‍ കിയയിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 മാസം പ്രായമായ കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചില്ല.

അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന്‍ കാഴ്ച പരിശോധനയ്ക്കും ബ്രെത്തലൈസര്‍ ടെസ്റ്റിനും വിധേയനായി. രണ്ട് പരിശോധനകളിലും അദ്ദേഹം പാസായെന്ന് പോലീസ് വൃത്തങ്ങള്‍ പ്രസ് അസോസിയേഷനെ അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഫ്രീലാന്‍ഡറിനു പകരം പുതിയ ഒന്ന് 24 മണിക്കൂറിനുള്ളില്‍ രാജകുടുംബത്തിന് ലഭിച്ചു. തകര്‍ന്ന കാറിന്റെ അതേ നിറത്തിലും മാതൃകയിലുമുള്ള ഒന്നാണ് മാറ്റി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച സാന്‍ഡ്രിഗ്ഹാം എസ്‌റ്റേറ്റിന് സമീപത്തുവെച്ച് പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്.