ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ഇരിക്കെ കുത്തേറ്റത് മലയാളി നേഴ്സിനാണെന്ന വിവരം കടുത്ത ഞെട്ടലാണ് യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലിരിക്കെയാണ് 57 വയസ്സുകാരിയായ അച്ചാമ്മ ചെറിയാൻ ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ 37 കാരനായ മുഹമ്മദ് റോമൻ ഹഖിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത് ഇയാളെ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഏകദേശം രാത്രി 11. 30 ഓടെയാണ് യുകെയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തിയ സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിന് വളരെ അടുത്താണ് ഭർത്താവിനോടൊപ്പം അച്ചാമ്മ താമസിച്ചിരുന്നത്. അക്രമ സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അച്ചാമ്മയുടെ ഭർത്താവ് അലക്സാണ്ടർ ചാണ്ടി വിസമ്മതിച്ചു.
. നിലവിൽ ശൈത്യകാല രോഗങ്ങളുടെ സമ്മർദ്ദത്തിലാണ് എൻഎച്ച്എസ് ആശുപത്രികൾ. അതുകൊണ്ടു തന്നെ എല്ലാ ആശുപത്രികളിലും തിരക്കോട് തിരക്കാണ്. ഇതിനു പുറമെ മതിയായ ജീവനക്കാരില്ലാത്തതിന്റെ പ്രശ്നങ്ങളും നിലവിലുണ്ട്. മഹാമാരിയുടെ സമയത്തിന് സമാനമായ രീതിയിലുള്ള ജോലി സമ്മർദ്ദമാണ് ഇപ്പോൾ പനി ബാധിച്ച് എത്തുന്നവരുടെ ആധിക്യം കൊണ്ട് ആശുപത്രികൾ നേരിടുന്നത് എന്നാണ് പല മലയാളി നേഴ്സുമാരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്.
എൻഎച്ച്എസിലെ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്. എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രമാണ് ഉള്ളത്. ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. നേഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നേഴ്സുമാരാണ് എൻ.എച്ച്.എസിന്റെ നട്ടെല്ല്. അവരുടെ സംരംക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യും. ട്രസ്റ്റ് അധികൃതരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആക്രമണത്തിന് ഇരയായ നേഴ്സിനും കുടുബത്തിനുമൊപ്പമാണ് തന്റെ ചിന്തകളെന്നും ഹെൽത്ത് സെക്രട്ടറി പറഞ്ഞു. കോടതിയിൽ ഹാജരാക്കി. സുരക്ഷാ ആശങ്കയിൽ യുകെ മലയാളി നേഴ്സുമാർ.
Leave a Reply