ലണ്ടന്‍: ബ്രിട്ടീഷ് ജനതക്കിടയില്‍ അയല്‍ബന്ധങ്ങള്‍ ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ ഡൗണിംഗ് സ്ട്രീറ്റ് ഉപദേശകന്‍ മാക്‌സ് ചേംബേഴ്‌സ് ആണ് നെക്‌സ്റ്റ്‌ഡോര്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ഈ മുന്നറിയിപ്പ് നല്‍കിയത്. തങ്ങളുടെ അയല്‍ക്കാരില്‍ നിന്ന് ഒരു കപ്പ് പഞ്ചസാര കടം വാങ്ങാന്‍ പോലും 60 ശതമാനം ജനങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് പഠനം പറയുന്നു. അവധിക്കാലത്ത് പുറത്തുപോകുമ്പോള്‍ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ നോക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കാന്‍ 75 ശതമാനം പേരും തയ്യാറാകുന്നില്ല.

ലണ്ടനിലാണ് അയല്‍ക്കാരുമായുള്ള ബന്ധം ഏറ്റവും കുറവുള്ളത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ്, യോര്‍ക്ക്ഷയര്‍ എന്നീ പ്രദേശങ്ങള്‍ താരതമ്യേന ഭേദമാണെന്നും വിലയിരുത്തപ്പെടുന്നു. അയല്‍ക്കാരിലുള്ള വിശ്വാസം രാജ്യത്തൊട്ടാകെ കുറഞ്ഞു വരികയാണ്. ഇക്കാര്യത്തില്‍ നോര്‍ത്ത് ഈസ്റ്റാണ് ഏറ്റവും മോശം സമീപനം കാട്ടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവയും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുമാണ് പ്രതിസ്ഥാനത്തുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റ് നമ്മെ ആഗോള തലത്തില്‍ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും തൊട്ടയല്‍പക്കത്ത് നടക്കുന്നത് എന്താണെന്ന് അറിയാന്‍ നമുക്ക് സാധിക്കുന്നില്ലെന്ന് മാക്‌സ് ചേംബേഴ്‌സ് പറഞ്ഞു. സമൂഹവുമായും അയല്‍ക്കാരുമായും കൂടുതല്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ താരതമ്യേന കൂടുതല്‍ സംതൃപ്തി ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.