വ്യഭിചാരക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച മലയാളിക്ക് ഇളവ്. റിയാദ് ജയിലില്‍ കഴിയുന്ന മലപ്പുറം, ഒതായി സ്വദേശി സമീര്‍ പെരിഞ്ചേരിക്കാണ് (38) വധശിക്ഷയിൽ ഇളവ് ലഭിച്ചത്. തുടർച്ചയായി നടത്തിയ നിയമപോരാട്ടമാണ് സമീറിന് തുണയായത്. ഏകദേശം ഒരു വര്‍ഷം മുമ്പ് റിയാദിലെ ബത്ഹയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പിടിയിലായ സംഘത്തിനൊപ്പമുണ്ടായിരുന്ന സമീർ ജയിലിലാകുകയായിരുന്നു.

ഈ സംഘത്തിലെ ഇന്തോനേഷ്യന്‍ യുവതി സമീറിനെതിരെ മൊഴി നൽകിയതോടെയാണ് വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നൽകിയെങ്കിലും സമീറിന്‍റെ വധശിക്ഷ ശരിവെക്കുകയാണുണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ സമീറിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ സുധീര്‍ മണ്ണാര്‍ക്കാടിന് കേസിന്‍റെ തുടര്‍നടപടികളില്‍ ഇടപെടാന്‍ എംബസി സമ്മതപത്രം നൽകി. ഇതേത്തുടർന്ന് വീണ്ടും മേൽക്കോടതിയെ സമീപിക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്തതോടെ കേസ് പുനഃപരിശോധിക്കാൻ കോടതി തയ്യാറാകുകയായിരുന്നു.

സമീറിനെതിരായ കുറ്റം തെളിയിക്കാൻ ആവശ്യമായ സാക്ഷികളോ തെളിവുകളോ ഈ കേസിൽ ഇതുവരെയും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദമാണ് നിർണായകമായത്. ഈ വാദം അംഗീകരിച്ച റിയാദ് കോടതി കഴിഞ്ഞ വ്യാഴാഴ്ച വധശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ സമീറിന്റെ ജയിൽമോചനം സാധ്യമായിട്ടില്ല. സൌദി നിയമപ്രകാരമുള്ള തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷ സമീർ അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.