കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ആറ് ദിവസമായിട്ടും തുമ്പ് കിട്ടാതെ പൊലീസ്. തിങ്കളാഴ്ചയാണ് ദൃശ്യ (20), സയന (20) എന്നിവരെ കാണാതായത്. പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിഷനില്‍ പരാതി നല്‍കി. പൊലീസ് ഇവരുടെ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അവസാന സിഗ്നലോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഇതുവരെ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല.

മൈസൂര്‍, തളിപ്പറമ്പ്, എറണാകുളം, തിരുവനന്തപുരം ഇവിടങ്ങളില്‍ നിന്ന് ഇവരുടെ മുഖച്ഛായ ഉള്ളവരെ പലയിടത്തും കണ്ടതായി വിവരങ്ങളുണ്ട്. എന്നാല്‍, ഇവരാണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. മണിക്കൂറുകളോളം ഇവര്‍ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ദൃശ്യയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതായും വിവരമുണ്ട്. സയനയുടെ സ്‌കൂട്ടറിലാണ് ഇരുവരും പാനൂരില്‍ എത്തിയത്.

റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ സ്‌കൂട്ടി കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇവര്‍.

കാണാതായ അന്ന് ഇരുവരും പാറാട് ട്രാവല്‍ ഏജന്‍സിയില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വിവരം ചോദിച്ചതായി വിവരമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.