വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരസ്പര സമ്മതത്തോടെയുള്ള ആരോഗ്യപരമായ ലൈംഗിക ബന്ധം. പലപ്പോഴും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകാത്ത മലയാളി സമൂഹം ലൈംഗികതയെപ്പറ്റി പലവിധ തെറ്റിദ്ധാരണകളും പുലര്‍ത്തിപ്പോരുന്നു. ഒരു പ്രായമെത്തുമ്പോള്‍ സ്ത്രീകളില്‍ ലൈംഗികത നശിക്കുമെന്നും തന്നേക്കാള്‍ പ്രായത്തില്‍ കുറവുള്ള സ്ത്രീകളെ വിവാഹം കഴിക്കണമെന്നും സമൂഹം പുരുഷന്മാരോട് നിര്‍ദ്ദേശിക്കുന്നത് ഈ തെറ്റിദ്ധാരണയുടെ പേരിലാണ്. ഇക്കാര്യത്തില്‍ എഴുത്തുകാരിയും യുവഡോക്ടറുമായ വീണ ജെ.എസ് എഴുതിയ കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ചുരിദാര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത മക്കളുടെ ഇടയില്‍ 45കാരിയായ അമ്മ എങ്ങനെയാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സയ്ക്ക് പോകുന്നതെന്ന കാലികപ്രസക്തമായ ചോദ്യവും ഡോക്ടര്‍ ഉന്നയിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…
heterosexual വിവാഹങ്ങളില്‍ പെണ്ണിന്റെ വയസ്സ് ആണിനേക്കാള്‍ കൂടുമ്പോള്‍ പലര്‍ക്കും സഹിക്കാന്‍ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്‌കാരം. 45 വയസായാല്‍ നശിക്കുന്ന സ്ത്രീത്വം എന്താണാവോ. എല്ലാത്തിലുമുപരി ഈ സ്ത്രീത്വം എന്നത് എന്താണ്? ഹാരിയുടെ പോസ്റ്റില്‍ ഉള്ള അയാളുടെ അഭിപ്രായം വെച്ച്, പുരുഷന്‍ ആഗ്രഹിക്കുന്ന എന്തൊക്കെയോ കാര്യങ്ങള്‍ ഒരു പ്രത്യേകപ്രായത്തില്‍ സ്ത്രീക്ക് നിന്നു പോകും, അതാണ് സ്ത്രീത്വം. ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും ആ നഷ്ട്ടമാകല്‍ ലൈംഗികതയെന്നു നമ്മളില്‍ പലരും ഊഹിക്കുകയും ചെയ്യും. എന്നാല്‍ ഈ ലൈംഗികത എങ്ങനെയൊക്കെയാണ് നഷ്ടമാകുന്നത് എന്നറിയാമോ? എണ്ണമിട്ട് തന്നെ പറയാം.

1 ലൈംഗികത പാപമാണെന്നുള്ള തരത്തില്‍ കുട്ടികളെ വളര്‍ത്തല്‍. കുട്ടികള്‍ സ്വാഭാവികമായി തങ്ങളുടെ ലൈംഗികഅവയവങ്ങള്‍ നീരിക്ഷിച്ചു തൊട്ടുകളിക്കുമ്പോള്‍ ‘ഇച്ഛിച്ചി’ എന്നും പറഞ്ഞ് ഇടപെടുന്നത് വളര്‍ച്ചാകാലഘട്ടത്തിലെ ആദ്യം മോറല്‍ പോലീസ് അറസ്റ്റ് ! അവിടെ തുടങ്ങുന്നതാണ് ‘അമര്‍ച്ച ചെയ്യപ്പെടുന്ന ലൈംഗികത’.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവിടെ ഉരുവാകുന്നതാണ് ‘വികലമായ ലൈംഗികത’. ഇതേ കാരണം തന്നെയാണ് സൈക്കോളജിക്കല്‍ vaginismusന്റെ (മാനസിക കാരണങ്ങളാല്‍ ഉണ്ടാകുന്ന യോനീ സങ്കോചം. മാനസികകാരണങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഉള്ളത്.) പലകാരണങ്ങളില്‍ ഒന്ന്.

ഭാവിയില്‍ ഒരുപാട് നാളുകളിലേക്ക് ലൈംഗികബന്ധം വെറുക്കപ്പെട്ടതാവാന്‍, എന്തിന് ഒരു ഗൈനെക്കോളജി പരിശോധനയ്ക്ക് ശാന്തമായി കിടക്കാന്‍ പോലും സ്ത്രീകള്‍ വിമുഖരാവാന്‍ ഇതുമാവാം കാരണം. പലരും ആദ്യപ്രസവത്തിനു ശേഷം മാത്രം ലൈംഗിക കാര്യങ്ങളില്‍ താല്പര്യമെടുക്കുന്നതും ഇത്തരത്തില്‍ പലവിധം സങ്കീര്‍ണമാനസികവ്യാപാരങ്ങളിലൂടെ കടന്ന് പോയശേഷം മാത്രമാവും.

എന്നാല്‍ ഈ അമര്‍ച്ച അല്ലെങ്കില്‍ വികലതയെ പുരുഷനു കുറേക്കൂടെ മറികടക്കാന്‍ പറ്റുമെന്നു തോന്നിയിട്ടുണ്ട്. ലൈംഗികകാര്യങ്ങളില്‍ താനാണ് മുന്‍കൈ എടുക്കേണ്ടത് എന്നൊരു ബോധം അല്ലെങ്കില്‍ ആത്മവിശ്വാസം പുരുഷനു സമൂഹം പ്രത്യക്ഷമായും പരോക്ഷമായും കൊടുക്കുന്നുണ്ട്. ‘ചേട്ടന്‍ എനിക്കൊട്ടും സുഖം തരുന്നില്ല’ എന്ന് പറയുന്നിടത്തുവെച്ചു ഇണയായ പെണ്ണ് സമൂഹസങ്കല്‍പ്പത്തിലെ ‘വേശ്യ’ ആണെന്ന് ചേട്ടന്മാര്‍ വിചാരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. പെണ്ണ് മുന്‍കൈ എടുത്തു ചെയ്യുന്ന, പെണ്ണ് മുകളില്‍ കയറിയിരുന്നു അവള്‍ക്കിഷ്ടമുള്ള രീതിയില്‍ ലൈംഗികത നിയന്ത്രിക്കുന്ന രീതിയില്‍ എത്ര ആണ്‍ജീവിതങ്ങള്‍ പിടഞ്ഞു ചാവുമെന്നു വരെ കണ്ടറിയണം. പക്ഷെ അത്തരമൊരു പരീക്ഷണം നമ്മുടെ സമൂഹത്തില്‍ നടക്കില്ലല്ലോ 😉

2 വ്യക്തിശുചിത്വം.
പ്ലസ് ടു കഴിഞ്ഞയുടന്‍/ പതിനെട്ടു പൂര്‍ത്തിയായ ഉടനെ ഷമയുടെ(സങ്കല്പികനാമം) വിവാഹം കഴിഞ്ഞു. ഞാന്‍ MBBS രണ്ടാം വര്‍ഷം എത്തുമ്പോഴാണ് ഒരു ദിവസം കരഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ ചെയ്യുന്നത്. തന്നേക്കാള്‍ പതിനഞ്ചു വയസ്സ് മൂത്ത ഭര്‍ത്താവ് മിക്കവാറും രാത്രികളില്‍ ഓറല്‍ സെക്‌സ് ചെയ്യിക്കും. ‘മൂത്രത്തിന്റെയും മറ്റും ദുര്‍ഗന്ധം സഹിക്കാന്‍ വയ്യെടി’ എന്നും പറഞ്ഞാണ് അവള്‍ കരഞ്ഞത്.

ഒട്ടും അതിശയോക്തിയില്ലാതെ ഇക്കാര്യങ്ങള്‍ വായിക്കണം. (പോസ്റ്റിനു റീച് കൂട്ടാന്‍ സെക്‌സ് മാത്രം എഴുതുന്നു എന്ന് ഒരു ഡോക്ടര്‍ തന്നെ മെസ്സേജ് അയച്ചത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്). ഒടുക്കം അവള്‍ എത്തിയ രീതി ഇതാണ്, ശ്വാസം എടുക്കാതെ പെട്ടെന്ന് പെട്ടെന്ന് ഘട്ടംഘട്ടമായി ചെയ്യുക, വായയില്‍ വൃത്തികെട്ട ടേസ്റ്റ് വരാതിരിക്കാന്‍ നാരങ്ങാവെള്ളം കുടിച്ചു വെള്ളമിറക്കാതെതന്നെ ഓറല്‍ സെക്‌സ് ചെയ്യുക. കുറച്ചെങ്കിലും എളുപ്പമായിത്രേ 🙁 . വൃത്തിയുടെ കാര്യം പറഞ്ഞ ശേഷം അയാള്‍ അവള്‍ക്കു അടിവസ്ത്രം പോലും വാങ്ങാന്‍ കാശുകൊടുക്കാത്ത ലെവെലിലേക്കു വളര്‍ന്നു. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് അവളിന്നും ഇതേ അവസ്ഥയില്‍ തുടരുന്നു. ഇത്തരം ലൈംഗികജീവിതങ്ങളില്‍ എങ്ങനെയാണു ഒരുദിവസത്തിനപ്പുറത്തേക്ക് സ്ത്രീലൈംഗികത വളരുക? മൂത്രവും വിയര്‍പ്പും മാത്രമല്ല വായ്‌നാറ്റം പോലും ദാമ്പത്യജീവിതങ്ങളില്‍ അറപ്പുണ്ടാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് അഭിപ്രായപ്രകടനത്തിനുപോലും സാധ്യതയില്ലാത്തിടത്തു എന്ത് ചെയ്യാന്‍ കഴിയും? ഉഭയകക്ഷിസമ്മതപ്രകാരമല്ലാത്ത ഓറല്‍ anal സെക്‌സ് ഇന്നും നിയമവിരുദ്ധമാണെന്ന് മറക്കരുത്. വിവാഹത്തില്‍ റേപ്പ് നടന്നാല്‍ ഇന്ത്യന്‍ നിയമം ഇടപെടില്ലെങ്കിലും സമ്മതപ്രകാരം അല്ലാതെ oral anal സെക്‌സ് ചെയ്യുന്നത് കുറ്റകരമായി തുടരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ വേണ്ടി മാത്രം സെക്‌സ് ചെയ്യണം എന്ന മതംവിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നത് സ്ത്രീകളാണ് . ആണ്‍കുട്ടികള്‍ ഫുട്‌ബോളും ക്രിക്കറ്റുമായി ലോകത്തേക്കിറങ്ങുമ്പോള്‍ കൊന്തയും വിളക്കും നിസ്‌കാരങ്ങളും മാത്രമാകുന്ന സ്ത്രീജീവിതങ്ങള്‍ ലൈംഗികതയെ സന്താനോല്പാദനത്തിനു മാത്രമായി കാണുന്നു. ഇതില്‍നിന്നൊരല്പം മാറി സഞ്ചരിക്കുന്നവളുമാരെ ‘പരപൂരവെടികള്‍’ ആയി സമൂഹം വിലയിരുത്തുന്നു.

4 ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍.
ആര്‍ത്തവവിരാമത്തോടെ ലൈംഗികത നില്‍ക്കും എന്നാണ് പലരും വിചാരിക്കുന്നത്. നാല്പത്തഞ്ചു വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ വളരെ സ്വാഭാവികമായി അണ്ഡാശയങ്ങളും നീക്കം ചെയ്‌തേക്കൂ, ഭാവിയില്‍ അഥവാ പ്രശ്‌നം വന്നാല്‍ ഇനി വീണ്ടും ഓപ്പറേഷന്‍ വേണ്ടല്ലോ എന്ന രീതിയിലേക്ക് ആളുകളുടെ ബോധം പോയിരിക്കുന്നു ! അപകടമാണിത്. സ്വാഭാവികചോദനയായ ലൈംഗികത നിലനിര്‍ത്തുക തന്നെ വേണം.അതില്‍ പ്രധാനമാണ് അണ്ഡാശയങ്ങള്‍. ആര്‍ത്തവവിരാമത്തോടെ ലൈംഗികവിരക്തിയുണ്ടെന്നു പറയുന്നതിലും സത്യം എന്താണെന്നറിയാമോ? ആര്‍ത്തവവിരാമത്തോടെ ലൈംഗികഅവയവങ്ങളില്‍ ലൂബ്രിക്കേഷന്‍ ഉണ്ടാവുന്നില്ല, അതിനാല്‍ ബന്ധം വേദനയുണ്ടാക്കുന്നു. പലതരം ചികിത്സാരീതികള്‍ ഉണ്ടെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞ് കടന്നുവരാന്‍ സ്ത്രീകള്‍ തയ്യാറല്ല, ചികിത്സകര്‍ ബോധവല്‍ക്കരണം നടത്തുന്നുമില്ല. കാരണം ഇവിടെ വിഷയം ലൈംഗികതയാണ്. തൊട്ടാല്‍ പൊട്ടുന്ന വിഷയമാണ്. അമ്മമാര്‍ ചുരിദാര്‍ ഇടുന്നതുപോലും സമ്മതിക്കാത്ത ആണ്‍മക്കളെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സക്ക് പോകുന്ന അമ്മ ! എപ്പോ താഴെ തള്ളിയിട്ടു എന്ന് ചോദിച്ചാല്‍ മതി.

5 ലൈംഗികരീതികള്‍ പൊസിഷനുകള്‍.
എല്ലാ ദിവസവും മിഷനറി പൊസിഷന്‍ മാത്രം ചെയ്തു ചേട്ടന്റെ മുട്ടിനു തഴമ്പ് വരും, ഒരേ രീതി മടുപ്പുളവാക്കും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. ആശയവിനിമയത്തില്‍ രണ്ടുപേരുടെയും പരസ്പരസ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ എല്ലാം ഓക്കെ ആവും.

6 ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം എന്നത് അവസാനമായി ചേര്‍ക്കുന്നു. നിയമപരമായി ലൈംഗികതയില്‍ മാത്രം അധിഷ്ടിതമാണ് വിവാഹം. എന്നാല്‍ ഇണകളുടെ മാനസികസ്‌നേഹം ബഹുമാനം എന്നിവയില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ആണിന് പെണ്ണിനേക്കാള്‍ എത്ര പ്രായം കൂടിയിട്ടും, നേരെ തിരിച്ചായാലും പരസ്പരം സ്‌നേഹവും ബഹുമാനവും ഇല്ലെങ്കില്‍ കാര്യമില്ല. ഫലം? നിങ്ങളും കുടുംബവും സമൂഹവും പരാജയപ്പെട്ടുകൊണ്ടേയിരിക്കും.

മറ്റൊരുകാര്യം ചേര്‍ത്ത് പറയാനുള്ളത് ഇതാണ്. വനിതകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജീവിതദൈര്‍ഘ്യം. അപ്പോള്‍ വയസ്സില്‍ മൂത്ത സ്ത്രീകളെ വിവാഹം ചെയ്താല്‍ ഒന്നിച്ചു ചാവുകയും ചെയ്യാം. ഭര്‍ത്താവ് മരിക്കുമ്പോള്‍ വിധവ അന്യപുരുഷനെ തേടിപ്പോകുമോ, മാറ്റൊരാള്‍ സംരക്ഷിക്കേണ്ടിവരില്ലേ എന്ന ചോദ്യങ്ങളെല്ലാം ഒഴിവാക്കാം 😉

കൂടുതല്‍ അലങ്കാരമില്ലാതെ പറഞ്ഞാല്‍ as dr Dev Raj says സ്ത്രീ അടങ്ങിയൊതുങ്ങി കഴിയണമെങ്കില്‍, വരച്ച വരയില്‍ നില്‍ക്കണമെങ്കില്‍, പ്രായത്തില്‍ ഇളയതാവണം. ഒരു 5 6 വയസ്സെങ്കിലും. അതുപോലെ നല്ല പ്രായവ്യതസമുണ്ടെങ്കില്‍ പുരുഷന്റെ അന്‍പതുകളിലും സ്ത്രീയുടെ ശരീരം ഏറെക്കുറെ ചെറുപ്പമായി തന്നെ ഇരിക്കും. അത്രയേ ഉള്ളൂ

Harry Haris writes
പ്രായം തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിച്ച യുവാവ് വിവാഹത്തിനായി രജിസ്റ്റര്‍ ഓഫീസില്‍ സമീപിച്ചപ്പോള്‍ അവിടെ ഉള്ള സബ് രജിസ്റ്റര്‍ ഓഫീസര്‍ ന്റെ ഒരു ഉപദേശം ‘ മോനെ നിനക്ക് ഇപ്പോള്‍ ഇങ്ങനെ ഒക്കെ തോന്നും ഈ പെണ്ണുങ്ങള്‍ക്ക് ഒരു 45 വയസ്സ് കഴിഞ്ഞാല്‍ അവരുടെ സ്ത്രീത്വം നശിക്കും.. പിന്നെ നീ ദുഖിക്കേണ്ടി വരും… ‘ അല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്തു സ്ത്രീത്വത്തെയാണ്?? അങ്ങനെങ്കില്‍ 45 കഴിഞ്ഞ സ്ത്രീകളൊക്കെ പാഴ് വസ്തുക്കള്‍ ആണോ?? അവരുടെ മാനസിക വൈകാര്യതകള്‍ക്കു ഈ സമൂഹത്തില്‍ സ്ഥാനമില്ല എന്നാണോ?? ഈ സ്ത്രീകള്‍ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് sex ചെയ്യാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും വേണ്ടിയുള്ള ഉപകരണങ്ങള്‍ മാത്രമാണ് എന്നാണോ?? എന്തായാലും ഒന്നുറപ്പാണ് അയാള്‍ അങ്ങനെ പറയുമ്പോള്‍ അതെ കാഴ്ചപ്പാടിലുള്ള ഒരു സുഹൃത്ത് വലയം അയാള്‍ക്കുണ്ടാകും അപ്പോള്‍ പുറമെ മാന്യത നടിക്കുന്ന പല ആണുങ്ങളുടെയും കാഴചപ്പാട് ഇപ്പോഴും നൂറ്റാണ്ടുകള്‍ക്കു പിന്നിലാണെന്ന് സാരം…