ജയ്പൂര്‍: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് സച്ചിന് പൈലറ്റ് ആംആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിച്ചത്.

എല്ലാം പണം കൊണ്ടും കൈയ്യൂക്ക് കൊണ്ടും നേടാനാവില്ലെന്നും ബി.ജെ.പിക്കെതിരെ സച്ചിന്‍ പൈലറ്റ് പറഞ്ഞു. പുറത്ത് വന്ന സര്‍വ്വേകളെല്ലാം ആംആദ്മി പാര്‍ട്ടിയുടെ വിജയമാണ് പ്രവചിക്കുന്നത്.
അവസാനമായി പുറത്ത് വന്ന ന്യൂസ് എക്‌സ് സര്‍വ്വേയും ആംആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിക്കുന്നു. ന്യൂസ് എക്സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം. ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി രണ്ടക്കം കടക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 12 മുതല്‍ 15 സീറ്റ് വരെ ബിജെ.പി നേടിയേക്കും.
കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 2 മുതല്‍ 4 സീറ്റ് വരെ ലഭിച്ചേക്കും.

59.57 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ പ്രകടനം നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 24.61 ശതമാനം പേര്‍ ശരാശരി പ്രകടനമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 15.51 ശതമാനം പേര്‍ അസന്തുഷ്ടി രേഖപ്പെടുത്തി.