തിരുവനന്തപുരം മംഗലപുരത്തിന് വേദനയായി ആതിരയുടെ (25) മരണം. ഇന്നലെ ലണ്ടനില്‍ കാറിടിച്ച് മരിച്ച ആതിര മംഗലപുരം സ്വദേശിയാണ്. രണ്ടു മാസം മുന്‍പാണ് ഒരു വയസും രണ്ടുമാസവും മാത്രം പ്രായമുള്ള യാമിനിയെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് ആതിര ലണ്ടനിലേക്ക് തിരിച്ചത്.
ഇവരുടെ ബന്ധുക്കള്‍ പലരും ലണ്ടനിലുണ്ട്. അതുകൊണ്ട് തന്നെയാണ് ലണ്ടനില്‍ പഠിക്കാനായി ആതിര കൂടി യാത്ര തിരിച്ചത്. മസ്ക്കറ്റിലുള്ള രാഹുലാണ് ഭര്‍ത്താവ്. ഭര്‍തൃ സഹോദരിയും ലണ്ടനിലാണ്. ഇതെല്ലാം കോഴ്സ് ചെയ്യാന്‍ ആതിരയ്ക്ക് പ്രേരണയായി. പുതുജീവിതം തേടിയാണ് ആതിര ലണ്ടനിലേക്ക് യാത്രയായത്. പക്ഷെ യാത്ര മരണത്തിലേക്കാണ് യുവതിയെ നയിച്ചത്. തിങ്കളാഴ്ചയോടെ മൃതദേഹം ലണ്ടനില്‍ നിന്നു വീട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
മംഗലപുരത്ത് സജീവമായിരുന്ന ആതിരയുടെ പെട്ടെന്നുള്ള മരണം നാട്ടില്‍ നടുക്കമാണ് ഉണ്ടാക്കിയത്. ആതിരയുടെ അച്ഛന്‍ അനില്‍കുമാര്‍ മുന്‍പ് ഗള്‍ഫിലായിരുന്നു. പിന്നെ നാട്ടില്‍ വന്നു കടയിട്ടു. പിന്നീട് കട ഒഴിവാക്കി. ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിയ്ക്ക് പോവുകയാണ്. അമ്മ ലാലി വീട്ടമ്മയാണ്. ഒരു സഹോദരനുണ്ട്.
മരണമരണമറിഞ്ഞതോടെ മാതാപിതാക്കള്‍ തളര്‍ന്ന അവസ്ഥയിലാണ്. രണ്ടു മാസം മുന്‍പ് മാത്രം പോയ മകള്‍ ഇനി തിരികെ വരില്ലെന്നത് സഹിക്കാന്‍ വയ്യാത്ത വേദനയാണ് വീട്ടിലുണ്ടാക്കിയത്. ഒരു വയസുമാത്രം പ്രായമുള്ള യാമിനിയുടെ കാര്യമോര്‍ത്താണ് പലരും വേദനിക്കുന്നത്. ആതിരയുടെ അമ്മയാണ് യാമിനിയെ നോക്കുന്നത്.
ഭര്‍ത്താവായ രാഹുല്‍ മസ്ക്കറ്റില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ട്. രാഹുല്‍ കൂടി എത്തിയതോടെ വീട് സങ്കടക്കടലായി മാറി. ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളാണ് ബന്ധുക്കള്‍ തേടുന്നത്. കാരമൂടുള്ള ബിഷപ്പ് പെരേര ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. തോന്നയ്ക്കല്‍ എജി കോളെജിലായിരുന്നു ഡിഗ്രിയ്ക്ക് പഠിച്ചത്.
ഡിഗ്രിയ്ക്ക് ശേഷം വിവാഹമായി. നാല് വര്‍ഷം മുന്‍പാണ് ആതിരയും രാഹുലും തമ്മിലുള്ള വിവാഹം നടക്കുന്നത്. ചിറയിന്‍കീഴ് സ്വദേശിയാണ് രാഹുല്‍. വീട്ടുകാര്‍ തമ്മിലുള്ള ആലോചനകള്‍ക്ക് ശേഷം നടന്ന വിവാഹമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ബന്ധുക്കളെയും ഈ മരണം ഉലയ്ക്കുകയാണ്.
ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെയാണ് ലണ്ടനില്‍ കാറിടിച്ച് പരിക്കേറ്റ് ആതിര ഇന്നലെ മരിച്ചത്. ആതിര ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കു നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ആതിര മരിച്ചു. ഒരു ഫിലിപ്പിയന്‍ യുവതിയാണ് കാറോടിച്ചത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആതിരയുടെ ലീഡ്സിലുള്ള കസിൽ ബ്രദറുമായും മലയാളി അസോസിയേഷൻ ഭാരവാഹികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.
Leave a Reply