ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് എ-ലെവൽ, ടി-ലെവൽ, ബിടെക് നാഷണൽ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടവുമായി മലയാളിൽ കുട്ടികൾ മുന്നിലെത്തി. മൂന്ന് എ സ്റ്റാർ, ഒരു എ ഗ്രേഡു എന്നിവ കരസ്ഥമാക്കി ഹെയർഫോർഡിലെ സെറ ബിൽബി എ ലെവൽ പരീക്ഷയിൽ ശ്രദ്ധേയമായ വിജയം നേടി. ബയോളജി, കെമിസ്ട്രി, മാത്സ് തുടങ്ങിയ വിഷയങ്ങളിൽ എ സ്റ്റാർ ഗ്രേഡ് ആണ് ഈ മിടുക്കിക്ക് ലഭിച്ചത്. ഇംഗ്ലീഷിന് എ ഗ്രേഡും നേടിയ സെറ ഫാർമക്കോളജി പഠനത്തിനായുള്ള ഒരുക്കത്തിലാണ്. കോട്ടയത്ത് മാന്നാനം ആണ് സെറ ബിൽബിയുടെ കുടുംബം. ഹെർഫോർഡ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ബിൽബി തോമസ്, റാണി കുര്യൻ എന്നിവരാണ് മാതാപിതാക്കൾ. പത്താം ക്ലാസ് വിദ്യാർഥിനിയായ സോന ഏക സഹോദരി ആണ് .
ഈ വർഷം ഉയർന്ന എ-ലെവൽ ഫലങ്ങൾ നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. , ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ 28.3% പേർ എ* അല്ലെങ്കിൽ എ ഗ്രേഡ് നേടി . എന്നാൽ കഴിഞ്ഞ വർഷം ഇത് 27.8% ആയിരുന്നു. വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചതോടെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച എ – ലെവൽ പരീക്ഷാ ഫലമാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയിലുടനീളം ഏഴ് വർഷത്തിനിടെ ആദ്യമായി ഈ വർഷത്തെ മികച്ച എ-ലെവൽ ഗ്രേഡുകളിൽ ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചു. ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്ന ലണ്ടനും മോശം റിസൾട്ട് വന്നിരിക്കുന്ന ഇംഗ്ലണ്ടിലെ വടക്ക് കിഴക്കൻ മേഖലകളും തമ്മിലുള്ള അന്തരം വളരെ അധികം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. തങ്ങളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം അസമത്വങ്ങൾ നിലനിൽക്കുന്നത് നിരാശജനകമാണെന്നാണ് ഇതിനോട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പ്രതികരിച്ചത്.
മുൻ വർഷങ്ങളിലേതു പോലെ എ – ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ contact . [email protected] എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
Leave a Reply