ന്യൂസ് ഡെസ്ക്

ന്യൂസിലൻഡിലെ വെടിവയ്പ്പിൽ മലയാളി യുവതിയും കൊല്ലപ്പെട്ടു. ന്യൂസിലൻഡിലെ ലിൻകൺ യുണിവേഴ്സിറ്റിയിൽ അഗ്രിബിസിനസ് മാനേജ്മെന്റിൽ വിദ്യാർത്ഥിനിയായ തൃശൂർ കൊടുങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ 23 കാരിയായ അൻസിയാണ് മരണമടഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ന്യൂസിലൻഡിൽ താമസിക്കുന്ന ആൻസി കരിപ്പാക്കുളം അലി ബാവയുടെ മകളാണ്.

ന്യൂസിലൻഡിൽ നടന്ന കൂട്ടക്കുരുതിയിൽ 49 പേർ മരിക്കുകയും 20 അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽപം മുമ്പാണ് മരണവിവരം വീട്ടുകാരെ അറിയിക്കുന്നത്. ആക്രമണ സമയത്ത് അൻസിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന ഭർത്താവ് നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇരുവരും ന്യൂസിലൻഡിലേക്ക് പോയത്. നാസർ ന്യൂസീലൻഡിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അൻസിയെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. ആക്രമണ സമയത്ത് ഇവർ ഡീൻസ് അവന്യുവിലുള്ള മോസ്ക്കിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്ക്രോസ് പറയുന്നു. റെഡ്ക്രോസ് നൽകിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുണ്ടായിരുന്നത്.

വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവർക്ക് വെടിയേറ്റതായി സംശയവും അവർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശിയും മലയാളിയായ അൻസിയും കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നത്.