ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മൂന്നും നാലും വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഈ പ്രായ പരുധിയിലുള്ള കുട്ടികൾ നാലിലൊന്നു പേർക്കും സ്മാർട്ട് ഫോൺ ഉണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതി പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണെന്നും ആണ് കണ്ടെത്തിയിരിക്കുന്നത് . കുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് പുറത്തുവരുന്ന കണക്കുകളിൽ പലതും ഞെട്ടിക്കുന്നവയാണ്. അഞ്ചുമുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികളിൽ 38 ശതമാനം പേരാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് . ഒരു വർഷം മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു. കൂടാതെ ഇവരിൽ 76 ശതമാനം പേരും ടാബ് ലെറ്റ് ഉപയോഗിക്കുന്നവരാണ്.


കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ ഓഫ് കോമിൽ നിന്നുള്ള കണക്കുകളിൽ കൂടിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽഫോൺ കൈവശം വയ്ക്കുന്നത് നിയമം മൂലം വിലക്കുന്ന കാര്യം നിലവിൽ രാജ്യത്ത് പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊച്ചുകുട്ടികളുടെ മൊബൈൽ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കൊച്ചുകുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ നിയമനിർമാണത്തെ അനുകൂലിക്കുന്നവരുടെ വാദ മുഖത്തെ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നു എന്നാണ് വിലയിരുത്തുന്നത്.


കുട്ടികളുടെ ഇടയിലെ സമൂഹമാധ്യമ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളെ കുറിച്ച് മന്ത്രി തലത്തിൽ കൂടിയാലോചനകൾ ഉടൻ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശം നിയമത്തിന്റെ ഭാഗമായി വന്നേക്കാം. അതുപോലെതന്നെ മാതാപിതാക്കളുടെ ഫോണുകളിൽ പേരെൻ്റൽ കൺട്രോൾ ഏർപ്പെടുത്തുന്നതും സമൂഹമാധ്യമങ്ങളുടെ കുറഞ്ഞ പ്രായപരിധി 13 വയസ്സിൽ നിന്ന് 16 വയസ്സാക്കുന്നതുൾപ്പെടെയുള്ളത് നിർദ്ദേശങ്ങളിൽ ഉണ്ട്. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് ഗവൺമെൻറ് ഏറ്റവും മുൻഗണന നൽകുന്ന കാര്യമാണെന്ന് ടെക്നോളജി സെക്രട്ടറി മിഷേൽ സോൺ പറഞ്ഞു