റിയാദ്: രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തില്‍ രണ്ടുവർഷത്തിന് ശേഷമാണ് വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നൽകിയാല്‍ മാത്രമാണ് വിപിന് ജയിലിൽ നിന്ന് മോചനം ലഭിക്കൂ. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്‍റെ ഡ്രൈവറായിരുന്നു വിപിൻ. സിഗ്നലിൽ ടാങ്കര്‍ നിര്‍ത്തിയപ്പോൾ പിന്നിൽ രണ്ട് പിക്കപ്പ് വാനുകൾ വന്ന് ഒന്നിന് പിറകെ ഒന്നായി ഇടിച്ചാണ് അപകടമുണ്ടായത്. ഏറ്റവും പിന്നിലെ വാഹനം നല്ല വേഗതയിലായതിനാൽ നടുക്ക് പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനും തൽക്ഷണം മരിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നിലിടിച്ച വാഹനത്തിന്‍റെ ഡ്രൈവർക്കാണ് സാധാരണഗതിയിൽ കേസ് വരേണ്ടതെങ്കിലും അയാളുടെ വാഹനത്തിന് ഇൻഷുറൻസുണ്ടായിരുന്നത് കൊണ്ട് അയാൾ രക്ഷപ്പെടുകയും ഇൻഷുറൻസ് ഇല്ലാത്ത ടാങ്കറിന്‍റെ ഡ്രൈവർ എന്ന നിലയിൽ വിപിൻ കേസിൽ പ്രതിയാവുകയുമായിരുന്നു. വിപിന്‍റെ മോചനത്തിന് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ദവാദ്മി യൂണിറ്റ് പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആറുവർഷമായി സൗദിയിലുള്ള വിപിൻ നാല് വർഷം മുമ്പ് നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചുവന്നതായിരുന്നു.