മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് ഇടയാക്കിയത് ഇരയെ വിട്ടയച്ചാല്‍ തങ്ങള്‍ പിടിയിലാകുമെന്നു ഭയന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ഒരു കത്തിയും കയറുമായിരുന്നു കൊലയാളികളുടെ കയ്യില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൃത്യം നടത്താന്‍ ഇത് ഉപയോഗപ്പെടുത്തിയില്ല. പിന്നീട് വൃത്തിയാക്കപ്പെടുന്നതിന്റെയും ഒളിപ്പിക്കുന്നതിന്റെയും ദുരിതമായിരുന്നു കാരണം. കാറിനുള്ളില്‍ വെച്ചു തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒരു മണിയോടെ ഇവര്‍ രാമോഹള്ളി തടാകത്തില്‍ എത്തുകയും കാറിന്റെ എഞ്ചിന്‍ ഓഫാക്കാതെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ മൃതദേഹത്തില്‍ വലിയ കല്ലുകള്‍ വെച്ചു കെട്ടി തടാകത്തിലേക്ക് ഇട്ട ശേഷം മടങ്ങി.

കൊല്ലപ്പെട്ട ശരത് തട്ടിക്കൊണ്ടുപോയവരുടെ നിര്‍ദേശപ്രകാരം പോലീസില്‍ പോകരുതെന്ന് പിതാവിനോട് അപേക്ഷിച്ചിരുന്നു. രാവിലെ 11.30 യോടെയാണ് സംഘത്തലവന്‍ വിശാല്‍ സംലത്തെ വിളിച്ച് ശരത്തിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയാല്‍ വരാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ആശങ്ക പങ്കുവെച്ചത്.
പോലീസ് എത്തുമെന്ന ഭീതിയിലാണ് ഇവര്‍ വിശാലിനെ കൊന്നത്. പോലീസ് തങ്ങളെ തേടിയെത്തുമെന്നും പിടിക്കപ്പെടുമെന്നും ഭയന്ന വിശാല്‍ ബന്ധുവും ഉറ്റസുഹൃത്തും അടുത്ത പെണ്‍സുഹൃത്തിന്റെ സഹോദരനുമായ ശരത്തിന്റെ അന്തിമവിധി തീരുമാനിക്കുകയായിരുന്നു. ശരത്തിന്റെ സഹോദരിയുടെ സഹപാഠിയാണു വിശാല്‍.

വിശാല്‍ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാരുതി സ്വിഫ്റ്റ് കാറിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. കൃത്യം നടത്തി മൃതദേഹം ഉപേക്ഷിച്ചെങ്കിലും സംശയം തീരാതെ സെപ്തംബര്‍ 14 ന് വിശാലും മറ്റു നാലുപേരും ഇവിടെ വീണ്ടും വന്നപ്പോള്‍ കെട്ടിയിരുന്ന കല്ലുകള്‍ പോയതിനാല്‍ ശരത്തിന്റെ മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തി. അവര്‍ മൃതദേഹം വീണ്ടും വലിച്ചടുപ്പിച്ച ശേഷം കൂടുതല്‍ കല്ലുകള്‍ വെച്ചു കെട്ടി വെള്ളത്തിലേക്ക് താഴ്ത്തി. കഴിഞ്ഞ 12 നാണു ശരത്തിനെ കാണാതായത്.

പുതിയ ബെക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ വീട്ടില്‍നിന്നുപോയ ശരത്തിനെ കാണാതാകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയത് ശരത്തിന്റെ ശബ്ദമാണ്. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും മോചനത്തിനായി 50 ലക്ഷം രൂപ നല്‍കണമെന്നും ശരത് പറയുന്ന വീഡിയോ സന്ദേശം 15 നു വാട്ട്‌സ്ആപ്പ് വഴി മാതാപിതാക്കള്‍ക്കു ലഭിച്ചു. അച്ഛന്‍ കാരണം ബുദ്ധിമുട്ടുണ്ടായവരാണു തട്ടിക്കൊണ്ടുപോയതെന്നും സഹോദരിയെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞതോടെയാണ് മാതാപിതാക്കള്‍ സംഭവം പോലീസില്‍ അറിയിച്ചത്. കടക്കെണിയില്‍പെട്ടതോടെയാണ് വിശാല്‍ പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു.