ബാത്ത്: അണ്ടർ 17 വിഭാഗത്തിൽ സ്വീഡനിൽ വെച്ച് നടത്തപ്പെടുന്ന യൂറോപ്യൻ ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാൻ സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി. യുറോപ്യൻ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്‌, സ്വീഡൻ, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ, ജെഫ്-സാമുവൽ സഖ്യം മാറ്റുരക്കുക.

യുകെ യിൽ വിവിധ ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യവും, വിജയങ്ങളും പുറത്തെടുക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയുവാൻ യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾ‍സ്‌ കാറ്റഗറിയിൽ ബ്രോൺസ് മെഡൽ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക്‌ തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമർസെറ്റിലെ ബാത്തിൽ വച്ച് നടന്ന അണ്ടർ 17 ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജെഫ്-സാമുവൽ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലിൽ നേടിയ മിന്നും വിജയവും, തിളക്കമാർന്ന പ്രകടനവുമാണ് ഇവർക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.

യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാൻചുവട്ടിൽ അനി ജോസഫിന്റെയും, സ്‌റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനിൽ പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണിൽ തന്നെ മികച്ച കളിക്കാർ ആണ്.

കഴിഞ്ഞ വർഷം ‘യുകെകെസിഎ’ സംഘടിപ്പിച്ച അഖില യു കെ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ എല്ലാ മത്സരങ്ങളിലും സ്വർണ്ണ മെഡലുകൾ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലർത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിൽ എസ്സക്സിൽ താമസിക്കുന്ന കുന്നംകുളത്തുകാരൻ ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ മൂത്ത മകൻ ആണ് സാമുവേൽ. ദി കൂപ്പേഴ്‌സ് കമ്പനി ആൻഡ് കോബോൺ സ്കൂളിൽ, ഇയർ 11 വിദ്യാർത്ഥിയായ സാമുവൽ, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ്.

തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകൾ നൽകി വരുന്ന പുലിക്കോട്ടിൽ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവൽ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യൻ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരൻ നിഖിൽ കഴിഞ്ഞ വർഷത്തെ അണ്ടർ 13 നാഷണൽ ബാഡ്‌മിന്റൺ ചാമ്പ്യൻ ആയിരുന്നു. സ്ലൊവേനയിൽ വെച്ച് നടന്ന യൂറോപ്പ്യൻ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിൾ‍സിൽ ഗോൾഡ് മെഡലും, സിംഗ്ൾസിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കിയിരുന്നു.

സാമൂവലിന്റെ പിതാവ് ദീപക് എൻഎച്ച് എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജർ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.

ഇംഗ്ലണ്ട് ഒന്നാം നമ്പർ താരമായിരുന്ന രാജീവ് ഔസേപ്പിനു ശേഷം, ഷട്ടിൽ ബാഡ്മിന്റൺ ഗോദയിൽ, മലയാളി സാന്നിദ്ധ്യം അരുളാൻ, മലയാളിപ്പട തന്നെയുണ്ടാവും എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.

ബാഡ്മിന്റണിൽ ലോകം അറിയപ്പെടുന്ന കളിക്കാരാവണമെന്നാണ് ജെഫ് അനിയുടെയും, സാമുവൽ ദീപകിന്റെയും വലിയ അഭിലാഷം.